ചെന്നൈ; വിവിധ മതങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും മതവിശ്വാസപ്രകാരം താടി വളർത്തിയതിനു മുസ്‌ലിം ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ പൊലീസിനു കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
1957 ലെ മദ്രാസ് പൊലീസ് ഗസറ്റ് അനുസരിച്ച്, സംസ്ഥാനത്തെ മുസ്‌ലിം പൊലീസുകാർക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോഴും വെട്ടിയൊതുക്കിയ താടി വളർത്താൻ അനുവാദമുണ്ടെന്ന് ജസ്റ്റിസ് എൽ.വിക്ടോറിയ ഗൗരി പറഞ്ഞു.
മക്കയിൽനിന്നു മടങ്ങിയ ശേഷം താടിയുമായി മേലുദ്യോഗസ്ഥനു മുന്നിൽ ഹാജരായതിനു ശിക്ഷിക്കപ്പെട്ട പൊലീസുകാരന്റെ ഹർജിയിലാണ് ഉത്തരവ്. താടി വളർത്തിയ നിലയിൽ അവധിക്ക് അപേക്ഷിക്കാൻ മേലധികാരിക്കു മുന്നിലെത്തിയപ്പോൾ അവധി നിഷേധിച്ചെന്നും ഇൻക്രിമെന്റ് തടയാൻ ഉൾപ്പെടെ നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ശിക്ഷ റദ്ദാക്കിയ കോടതി, എട്ടാഴ്ചയ്ക്കുള്ളിൽ പുതിയ ഉത്തരവു പുറപ്പെടുവിക്കാൻ കമ്മിഷണറോട് ആവശ്യപ്പെട്ടു.