ചെന്നൈ: പങ്കാളിയുടെ സ്വകാര്യതയില്‍ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കല്‍ മൗലികാവകാശ ലംഘനമാണെന്നാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. വിവാഹ മോചനത്തിനായി ഭാര്യയുടെ കോള്‍ ഹിസ്റ്ററി തെളിവ് കാട്ടിയ ഭര്‍ത്താവിനോടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന ഓര്‍മ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി. പങ്കാളിയുടെ സ്വകാര്യതയില്‍ കടന്നുകയറി സ്വന്തമാക്കിയ തെളിവുകള്‍ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
Also Read : കാലവര്‍ഷം കലിതുള്ളുമോ നവംബറില്‍! അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയും പാലക്കാടും
ഒരാള്‍ തന്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഭാര്യയുടെ കോള്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഭര്‍ത്താവ് രഹസ്യമായി ശേഖരിച്ചുവെന്നും, ഇത് ഭാര്യയുടെ സ്വകാര്യത ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങള്‍ ആരോപിക്കുമ്പോള്‍, ആധികാരിക മാര്‍ഗങ്ങളിലൂടെ അത് തെളിയിക്കുകയാണ് വേണ്ടതെന്നും കോടതി വ്യക്തമാക്കി.
‘ദാമ്പത്യബന്ധത്തില്‍ പങ്കാളിയെ ഇത്തരത്തില്‍ ഒളിഞ്ഞ് നോക്കുന്നത് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. മൗലികാവകാശമെന്ന നിലയില്‍ സ്വകാര്യതയില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ സ്വകാര്യതയും ഉള്‍പ്പെടുന്നു. ഈ അവകാശം ലംഘിച്ച് ലഭിച്ച തെളിവുകള്‍ അസ്വീകാര്യമാണ്’ – ഇപ്രകാരമായിരുന്നു കോടതിയുടെ നിരീക്ഷണം. വിശ്വാസമാണ് ദാമ്പത്യ ബന്ധങ്ങളുടെ അടിത്തറയെന്നും പങ്കാളികള്‍ക്ക് പരസ്പര വിശ്വാസവും വിശ്വാസവും ഉണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും അവരുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ അവര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി ഊന്നിപ്പറഞ്ഞു.