കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടത്തിന്റെയും ആളപായത്തിന്റെയും വ്യാപ്തി വലുതാണെന്ന് മന്ത്രി ഒ ആര്‍ കേളു. ‘2018ല്‍ പുത്തുമല ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടിയിരിക്കുന്നത്. എത്രത്തോളം നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നോ ആളപായം നടന്നിട്ടുണ്ടെന്നോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. വലിയ ദുരിതമാണ് നടന്നത്. രക്ഷാപ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി പ്രദേശവാസികള്‍ സഹായം അഭ്യര്‍ത്ഥിച്ച് കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ പത്ത് ജീവനുകള്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൂരല്‍മലയിലെ നിരവധി വീടുകള്‍ കാണാനില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങള്‍ക്കൊഴികെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തില്‍ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.