മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള മഹായുതിയും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ്അഘാഡിയും (എം.വി.എ) തമ്മിലുള്ള പോരാട്ടമാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നതെങ്കിലും ചെറുകക്ഷികളുടെ സാന്നിധ്യവും സ്വാധീനവും നിർണ്ണായകമാണ്. ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം), രാജ്താക്കറെയുടെ മഹാരാഷ്ട്രനവനിർമാൺ സേന (എം.എൻ.എസ്), പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) തുടങ്ങിയ പാർട്ടികളാണ് സംസ്ഥാനത്ത് മത്സരിക്കുന്ന ചെറിയ കക്ഷികൾ.
ചെറുപാർട്ടികൾക്കും സ്വതന്ത്രർക്കും 30 സീറ്റുകൾ വരെ ലഭിക്കാമെന്ന് നിരീക്ഷകർ കരുതുന്നു .2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ചെറിയപാർട്ടികളും സ്വതന്ത്രരും ചേർന്ന് 29 സീറ്റുകൾ നേടിയിരുന്നു. 63 മണ്ഡലങ്ങളിൽ ചെറിയ പാർട്ടികളും സ്വതന്ത്രരും രണ്ടാം സ്ഥാനത്തെത്തി.
Also Read: ഡോക്ടർമാർ മരുന്നുകളുടെ പാർശ്വഫലങ്ങൾ രോഗികളോട് വ്യക്തമാക്കണമെന്ന ഹർജി തള്ളി
മഹാരാഷ്ട്രയിലെ മിക്കമണ്ഡലങ്ങളിലും ഏകദേശം നാല് ലക്ഷം വോട്ടർമാരുണ്ട്. ചിലതിൽ മൂന്ന് ലക്ഷത്തോളം വോട്ടർമാരാണുള്ളത്. ശരാശരി 60 ശതമാനം പോളിങ് രേഖപ്പെടുത്തിയാൽ ഒരു മണ്ഡലത്തിൽ ഏകദേശം 2.5 ലക്ഷം വോട്ടുകൾ രേഖപ്പെടുത്തും. വോട്ട്‌വിഭജനം കാരണം ഒരു ലക്ഷത്തോളം വോട്ടുകൾ ഓരോ സീറ്റിലും വിജയിയെ നിർണയിക്കുമെന്നാണ് വിലയിരുത്തൽ.
അത്തരമൊരു സാഹചര്യത്തിൽ,ചെറിയ പാർട്ടികൾ ഒട്ടേറെ സീറ്റുകളിൽ നിർണായകമാകുമെന്ന് വിലയിരുത്തുന്ന മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി മഹാരാഷ്ട്രയിലെ ചെറിയപാർട്ടികളും ശക്തരായ സ്വതന്ത്രസ്ഥാനാർഥികളും പ്രമുഖകക്ഷികളുടെ കണക്കുകൂട്ടലുകളെ തകിടം മറിച്ചേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു. മുംബൈയിൽ രണ്ട് മുന്നണികൾക്കും ഭീഷണിയായി എം.എൻ.എസിന്റെ സാന്നിധ്യം ശക്തമാണ്.
എം.എൻ.എസ് മുംബൈയിൽ 25 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. .ഇത്തവണ മജ്‌ലിസ് പാർട്ടി 16 സീറ്റുകളിൽ മാത്രമാണ് മത്സരിക്കുന്നത്.കഴിഞ്ഞ തവണ 44 സീറ്റുകളിൽ മത്സരിച്ചിരുന്നു. കുറഞ്ഞത് 10 സീറ്റുകളിലെങ്കിലും വിജയിക്കാനാവും എന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) മുംബൈയിലും വിദർഭാ മേഖലയിലുമായി 67 സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.