ഇന്ത്യയിൽ സെവൻ സീറ്റർ വാഹനങ്ങൾക്ക് മുമ്പെങ്ങുമില്ലാത്തത്ര സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്. മറ്റൊന്നുമല്ല, നല്ല ഒന്താന്തരം വണ്ടികൾ സെഗ്മെന്റിൽ പുറത്തിറക്കിയാൽ ആരായാലും വാങ്ങാൻ എത്തുമല്ലോ. XUV700, സ്കോർപിയോ N പോലുള്ള മോഡലുകളുടെ സ്വീകാര്യത ഇതിന് ഉദാഹരണമായി പറയാം. കൊവിഡിന് ശേഷം ട്രെൻഡായ മൂന്നുവരി എസ്‌യുവികൾ ഫാമിലി വാഹനം വാങ്ങുന്നവർക്കിടയിൽ ഏറെ സ്വീകാര്യത നേടി കുതിക്കുകയാണ്. ഈ രംഗത്താണ് മഹീന്ദ്രയും നേട്ടമുണ്ടാക്കുന്നത്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന XUV700 വാങ്ങാൻ ആളുകൾ വരിവരിയായി നിൽക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്.
വന്നിട്ട് വർഷം മൂന്ന് ആകാറായെങ്കിലും ഇന്നും ആരവം ഒഴിയാതെ വിൽപ്പന വർധിച്ചുകൊണ്ടേയിരിക്കുകയാണ്. സെഗ്മെന്റിൽ നേരിട്ട് മത്സരിക്കാൻ ആളില്ലാത്തതുകൊണ്ട് സ്വയം പ്രഖ്യാപിച്ച് ടൊയോട്ട ഇന്നോവ ഹൈക്രോസിനോടാണ് മഹീന്ദ്ര XUV700 മാറ്റുരയ്ക്കുന്നത്. ഇപ്പോഴിതാ വിപണിയിൽ നിന്നും ലഭിക്കുന്ന പിന്തുണ ഇരട്ടിയാക്കാനായി സുപ്രധാനമായൊരു തീരുമാനവുമായി മുമ്പോട്ടു വന്നിരിക്കുകയാണ് ആനന്ദ് മഹീന്ദ്രയുടെ കമ്പനി.
കഴിഞ്ഞ മാസം XUV700 എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റുകളുടെ വില 2.20 ലക്ഷം രൂപയോളം വെട്ടിക്കുറച്ച മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോഴിതാ വാഹനത്തിന്റെ മറ്റ് ചില വേരിയന്റുകളുടെ വിലയും വെട്ടിക്കുറച്ച് ഞെട്ടിച്ചിരിക്കുകയാണ്. ഇതിൽ XUV700 AX5 ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റർ പതിപ്പിനാണ് ഏറ്റവും വലിയ വിലക്കുറവ് സംഭവിച്ചിരിക്കുന്നത്. 70,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്.
ഇനി മുതൽ XUV700 AX5 ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റർ മോഡൽ വാങ്ങണമെങ്കിൽ 20.39 ലക്ഷം രൂപ മുടക്കിയാൽ മതിയാവുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതുപോലെ AX5 പെട്രോൾ മാനുവൽ സെവൻ സീറ്റർ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം ഉള്ള AX5 പെട്രോൾ മാനുവൽ 7-സീറ്റർ, AX5 ഡീസൽ മാനുവൽ 7-സീറ്റർ വേരിയൻ്റുകൾക്ക് 50,000 രൂപയും കമ്പനി കുറച്ചിട്ടുണ്ടെന്നതും വിൽപ്പന കൂട്ടാൻ സഹായിക്കുന്ന കാര്യം.
കൂടാതെ XUV700 ശ്രേണിയിലെ AX3 ഡീസൽ ഓട്ടോമാറ്റിക് 7-സീറ്റർ, AX5 ഡീസൽ ഓട്ടോമാറ്റിക് 5-സീറ്റർ എന്നീ വേരിയന്റുകളുടെ വിലയിലും 20,000 രൂപ വീതം കുറവ് സംഭവിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങൾ പ്രകാരം XUV700 എസ്‌യുവിയുടെ എക്സ്ഷോറൂം വില നിലവിൽ 13.99 ലക്ഷം രൂപ മുതൽ 26.04 ലക്ഷം രൂപ വരെയാണ് വരുന്നത്. മഹീന്ദ്രയുടെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായി ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2021 ഓഗസ്റ്റ് 14-നാണ്.
അന്നു മുതൽ ഇന്നുവരെയുള്ള മൂന്ന് വർഷക്കാലയളവിനുള്ളിൽ മോഡലിന്റെ 2 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാനും കമ്പനിക്കായിട്ടുണ്ട്. XUV500 മോഡലിന്റെ പിൻഗാമിയായിട്ടാണ് വണ്ടിയെത്തിയതെങ്കിലും അതിലും വലിയ ഫാൻഫോളോയിംഗാണ് ഇപ്പോൾ XUV700 എസ്‌യുവിക്കുള്ളത്. ADAS പോലുള്ള ഡ്രൈവർ അസിസ്റ്റീവ് സിസ്റ്റമെല്ലാം കൂടുതൽ ആളുകളിലേക്ക് എത്തിയതും ഇതേ സ്പോർട് യൂട്ടിലിറ്റി വാഹനത്തിലൂടെയാണ്.
ഈ ബജറ്റിൽ ഏതൊരു വലിയ കുടുംബത്തിനും അനുയോജ്യമായ ഇത്രയും സ്റ്റൈലിഷായ പ്രീമിയം എസ്‌യുവി ഇന്ത്യൻ വാഹന വിപണിയിൽ വേറെ വാങ്ങാൻ കിട്ടില്ലെന്നതാണ് സത്യം. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാങ്ങാനും പറ്റും. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക.
അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിൽ മഹീന്ദ്ര XUV700 സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കാൻ വാഹനത്തിന് മൊത്തത്തിൽ 44 വകഭേദങ്ങളുമുണ്ട്. അതിൽ 19 എണ്ണം പെട്രോളും 25 എണ്ണം ഡീസലുമാണ്.കമ്പനിയുടെ ഡാറ്റ അനുസരിച്ച് ഈ വർഷം ഏപ്രിൽ-ജൂലൈ മാസങ്ങളിലെ XUV700 മോഡലിൻ്റെ വിൽപ്പനയുടെ 74 ശതമാനവും ഡീസൽ വേരിയൻ്റുകളിൽ നിന്നുമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 70 ശതമാനമായി വിൽപ്പന ഉയർന്നിട്ടുമുണ്ട്.
AWD ഡ്രൈവ് ഓപ്ഷനും വാഹനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഘടകമാണെന്ന് ഈ കണക്കുകളെല്ലാം തെളിയിക്കുന്നുമുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളോടു കൂടിയ ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, ഡ്യുവൽ HD സൂപ്പർസ്‌ക്രീൻ, സോണിയിൽ പ്രവർത്തിക്കുന്ന സ്പീക്കറുകളുള്ള 3D ഓഡിയോ, ലെതറെറ്റ് സീറ്റുകൾ എന്നിവയും അതിലേറെയും പോലുള്ള ഹൈ-എൻഡ് ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.