ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യു.വി നിര്‍മാതാക്കളായ മഹീന്ദ്രയ്ക്ക് പുതിയ റെക്കോഡുകള്‍ സമ്മാനിക്കുന്ന തിരക്കിലാണ് അടുത്തിടെ വിപണിയില്‍ എത്തിയ എക്‌സ്.യൂ.വി. 300 വില്‍പ്പനയിലും ബുക്കിങ്ങിലുമെല്ലാം വലിയ നേട്ടമാണ് ഈ വാഹനത്തിന് ലഭിക്കുന്നത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിട്ടുള്ള ഈ വാഹനം ഇലക്ട്രിക് കരുത്തിലും എത്തുമെന്നതാണ് പുതിയ വാര്‍ത്തകള്‍. ഈ വര്‍ഷം തന്നെ ഇത് സംഭവിക്കുമെന്നുമാണ് വിവരം. ഇലക്ട്രിക് കരുത്തിലുള്ള 3XO-യുടെ നിര്‍മാണം നവംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ് 240 എന്ന കോഡ് നമ്പറിലാണ് ഈ വാഹനം വികസിപ്പിക്കുന്നത്. മഹിന്ദ്രയുടെ ഇലക്ട്രിക് വാഹനനിരയിലെ XUV400- യുടെ താഴെയായിരിക്കും ഈ വാഹനത്തിന്റെ സ്ഥാനം. പ്രതിമാസം എക്‌സ്.യു.വി.3003 യുടെ 1500 മുതല്‍ 1800 യൂണിറ്റ് വരെയായിരിക്കും നിര്‍മിക്കുകയെന്നാണ് സൂചന. പെട്രോള്‍-ഡീസല്‍ ഇലക്ട്രിക് കരുത്തുകളില്‍ പ്രതിമാസം 3XO-യുടെ 12,000 യൂണിറ്റ് വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യവും മഹീന്ദ്രയ്ക്കുണ്ട്.
താരതമ്യേന സ്‌റ്റൈലിഷായാണ് മഹീന്ദ്ര 3XO എന്ന കോംപാക്ട് എസ്.യു.വി. ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ റെഗുലര്‍ മോഡലുമായി ഡിസൈന്‍ പങ്കിട്ടായിരിക്കും ഇലക്ട്രിക് പതിപ്പ് ഒരുങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ചാര്‍ജിങ്ങ് ബ്ലോട്ട്, ഇലക്ട്രിക് ബാഡ്ജിങ്ങ് തുടങ്ങിയവയായിരിക്കും ഈ വാഹനത്തില്‍ വരുത്തേയേക്കാവുന്ന മാറ്റങ്ങള്‍ വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ഇ.വി മഹീന്ദ്രയുടെ ഈ വാഹനത്തിന്റെയും കൂടി എതിരാളിയാകും. മഹീന്ദ്രയുടെ ചെറുവാഹനങ്ങളുടെ അകത്തളത്തിന്റെ രൂപകല്‍പ്പനയില്‍ ഒരു യൂണിഫോം സ്വഭാവം വരുത്തിയിട്ടുണ്ട്. മഹീന്ദ്ര XUV400, 3XO മോഡലുകള്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. സമാനമായ ഡിസൈന്‍ തന്നെയായിരിക്കും ഈ വാഹനത്തിലും ഒരുക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഫീച്ചറുകളും അല്‍പ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയേക്കുമെന്നും വിലയിരുത്തലുകളുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്.യു.വിയായ XUV400-യുടെ താഴ്ന്ന വേരിയന്റില്‍ നല്‍കിയിട്ടുള്ള 34.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയായിരിക്കും എക്‌സ്.യു.വി.3XO ഇലക്ട്രിക്കില്‍ നല്‍കിയേക്കുകയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഇലക്ട്രിക് മോട്ടോര്‍, വാഹനത്തിന് ലഭിക്കുന്ന റേഞ്ച് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമല്ല. XUV400-യെക്കാളും കുറഞ്ഞ വിലയായിരിക്കും ഈ ഇലക്ട്രിക് എസ്.യു.വിക്ക്.