CMDRF

സിബിഐ നടത്തിയ റെയ്ഡിനെതിരെ മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

സിബിഐ നടത്തിയ റെയ്ഡിനെതിരെ മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
സിബിഐ നടത്തിയ റെയ്ഡിനെതിരെ മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാര്‍ഥികളുടെ പ്രചാരണം തടസപ്പെടുത്തുന്ന നടപടികള്‍ സിബിഐ സ്വീകരിക്കരുതെന്നും കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്ക് മാര്‍ഗരേഖ വേണമെന്നുമാണ് പരാതിയിലെ ആവശ്യം. ചോദ്യത്തിന് കോഴ ആരോപണത്തില്‍ സിബിഐ ഇന്നലെയാണ് മഹുവ മൊയ്ത്രയുടെ വസതിയില്‍ പരിശോധന നടത്തിയത്.

‘അധാര്‍മ്മിക പെരുമാറ്റം’ ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. വിവാദങ്ങള്‍ക്കിടയിലും, പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ ലോക്സഭാ സീറ്റില്‍ നിന്ന് ടിഎംസിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുകയാണ് മഹുവ മൊയ്ത്ര.വ്യവസായിയായ ഗൗതം അദാനിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്സഭയില്‍ മഹുവ മൊയ്ത്ര ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് ദുബായിലെ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇങ്ങനെ ചോദ്യം ചോദിക്കാന്‍ മഹുവ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണം വാങ്ങിയെന്നും ആരോപണങ്ങളുണ്ടായി. പക്ഷേ ഈ ആരോപണങ്ങളെയൊക്കെ മഹുവ ശക്തമായി നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോക്പാല്‍ സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ചുളള തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു.

Top