പാരിസ് : യാരോസ്‌ലാവ മാഹുച്ചിഖ് 2 മീറ്റര്‍ ഉയര്‍ന്നു ചാടി ഹൈജംപ് ബാറിനു മുകളിലൂടെ സ്വര്‍ണത്തിലേക്കു ലാന്‍ഡ് ചെയ്തപ്പോള്‍ യുക്രെയ്‌നിലെ 1.6 ലക്ഷം കണ്ഠങ്ങളില്‍ വിജയാരവം മുഴങ്ങി. നിലവിലുള്ള ലോകചാംപ്യനായ മാഹുച്ചിഖ് ഈ ഒളിംപിക്‌സില്‍ യുക്രെയ്‌നിന്റെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണം നേടിയ നിമിഷം യുദ്ധക്കെടുതികള്‍ക്കിടയിലും ഇത്രയും പേര്‍ തത്സമയം കാണുന്നുണ്ടായിരുന്നു.
തുടര്‍ന്ന്, ഹൈജംപില്‍ വെങ്കലം നേടിയ ഇറിന ഗെരഷെങ്കോയ്ക്കും ഹാമര്‍ ത്രോയില്‍ വെങ്കലം നേടിയ മിഖൈലോ കോഖാനുമൊപ്പം യുക്രെയ്ന്‍ ദേശീയപതാകകളുമായി മാഹുച്ചിഖ് നാട്ടുകാര്‍ക്കു വേണ്ടി സ്താദ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ വിജയം ആഘോഷിച്ചു.
ഒരു മാസം മുന്‍പ് താന്‍ സൃഷ്ടിച്ച 2.10 മീറ്റര്‍ എന്ന ലോക റെക്കോര്‍ഡ് തിരുത്താന്‍ അവസരമുണ്ടായിട്ടും മാഹുച്ചിഖ് അതിനു മുതിരാതെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ടോക്കിയോയില്‍ വെങ്കലം നേടിയിട്ടുള്ള താരത്തിന്റെ ആദ്യത്തെ ഒളിംപിക് സ്വര്‍ണമാണിത്. കഴിഞ്ഞ വര്‍ഷം ലോക ചാംപ്യന്‍ഷിപ്പിലും സ്വര്‍ണമണിഞ്ഞു.