കപാഡിയയുടെ വിജയത്തില്‍ മുഖ്യധാരാ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഒരു റോളുമില്ല: റസൂല്‍ പൂക്കുട്ടി

കപാഡിയയുടെ വിജയത്തില്‍ മുഖ്യധാരാ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഒരു റോളുമില്ല: റസൂല്‍ പൂക്കുട്ടി
കപാഡിയയുടെ വിജയത്തില്‍ മുഖ്യധാരാ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് ഒരു റോളുമില്ല: റസൂല്‍ പൂക്കുട്ടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുഖ്യധാരാ സിനിമാ വ്യവസായത്തിന് പായല്‍ കപാഡിയയുടെ വിജയത്തില്‍ പ്രത്യകിച്ച് റോളൊന്നുമില്ലെന്ന് സംഗീത സംവിധായകന്‍ റസൂല്‍ പൂക്കുട്ടി. ഈ വര്‍ഷത്തെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് നേടിയ പായല്‍ കപാഡിയയെ അഭിനന്ദിച്ച് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പൂക്കുട്ടി ഇക്കാര്യം പറഞ്ഞത്.

കപാഡിയ നേടിയ വിജയത്തിന് എഫ്.ടി.ഐ.ഐക്കും ബന്ധമില്ലെന്നും കപാഡിയയുടേത് വ്യക്തിപരമായ വിജയമാണെന്നും പൂക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കാനിലേക്ക് പ്രതിനിധികളെ അയക്കുന്നതില്‍ ഇന്ത്യന്‍ സിനിമാ വ്യവസായം നല്‍കുന്ന പിന്തുണ വളരെ ചെറുതാണെന്നും പൂക്കുട്ടി ചൂണ്ടിക്കാട്ടി.

ഇനിയും നിരവധി പായല്‍മാരും ചിദാനന്ദ്മാരും സന്തോഷ് ശിവനും വരാനിരിക്കുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട വിധം പ്രചോദനങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും പൂക്കുട്ടി വ്യക്തമാക്കി.

കപാഡിയയ്‌ക്കെതിരെയുള്ള എഫ്.ടി.ഐ.ഐയുടെ കേസിനെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടാണ് പൂക്കുട്ടി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
അടുത്തമാസം, കേസില്‍ കോടതി വാദം കേള്‍ക്കാനിരിക്കുമ്പോഴാണ്, കപാഡിയക്ക് പുരസ്‌കാരം കിട്ടുന്നതെന്ന കാര്യവും പൂക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടി കാട്ടി. പൂര്‍വവിദ്യാര്‍ഥികള്‍ പുരസ്‌കാരം നേടുന്നത് സ്ഥാപനത്തിന് അഭിമാനമാണെന്ന് എഫ്.ടി.ഐ.ഐ പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാര്‍ഥിനിയെ അഭിനന്ദിക്കുന്ന എഫ്.ടി.ഐ.ഐ തന്നെ കപാഡിയക്കെതിരെ കേസിനു പോകുന്നത് കാണുമ്പോള്‍ വല്ലാത്ത വൈരുദ്ധ്യം അനുഭവപ്പെടുന്നുണ്ടെന്നും പൂക്കുട്ടി പറഞ്ഞു.

എഫ്.ടി.ഐ.ഐ.യുടെ ചെയര്‍മാനായി ‘മഹാഭാരത്’ എന്ന മെഗാ ടി.വി സീരിയലിലെ യുധിഷ്ഠിരനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ നടനും ബി.ജെ.പി നേതാവുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ ക്യാംപസില്‍ വലിയ വിദ്യാര്‍ഥി പ്രതിഷേധം ഉയര്‍ന്നിരുന്നു. കപാഡിയയായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. ഗജേന്ദ്ര ചൗഹാനെ എഫ്.ടി.ഐ.ഐയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നായിരുന്നു ആവശ്യം.

പൊലീസ് കപാഡിയ ഉള്‍പ്പെടെ 35 വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 323, 353, 506 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. 2016 ലാണ് കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. ഇനി ജൂണിലാണ് കേസില്‍ വാദം കേള്‍ക്കുക.

Top