ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നോ? മേജര്‍ രവി

ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നോ? മേജര്‍ രവി
ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നോ? മേജര്‍ രവി

തിരുവനന്തപുരം: പുല്‍വാമ ആക്രമണം ആസൂത്രിതമാണെന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മേജര്‍ രവി. ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നോ എന്ന് മേജര്‍ രവി തിരിച്ചു ചോദിച്ചു. രാജീവ് ഗാന്ധി വധത്തിനുപിന്നിലെ മുഴുവന്‍ പ്രതികളേയും കണ്ടെത്തണമെങ്കില്‍ കേസ് പുനരന്വേഷിക്കണമെന്ന് മേജര്‍ രവി പറഞ്ഞു. ശിവരശന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ താന്‍ നയിച്ച കമാന്‍ഡോ സംഘത്തിന് ജീവനോടെ പിടികൂടാമായിരുന്നിട്ടും അവര്‍ മരിക്കാനായി കമാന്‍ഡോ ഓപ്പറേഷന്‍ തടഞ്ഞു. മരിക്കുന്നതിന് മുന്‍പ് പ്രധാന പ്രതിയെ പിടികൂടാനായിരുന്നെങ്കില്‍ രാജീവ് വധക്കേസിലെ ചുരുള്‍ അഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ കാണാനായി രാജീവിന്റെ മക്കള്‍ ജയിലില്‍ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന ആന്റോ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിക്കവേയാണ് കോണ്‍ഗ്രസിനെതിരെ മേജര്‍ രവി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പട്ടാളക്കാരെ സ്വന്തം കുടുംബമായി കാണുന്ന, ആഘോഷങ്ങള്‍ അവര്‍ക്കൊപ്പമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് താന്‍ ആരാധിക്കുന്നതെന്ന് മേജര്‍ രവി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കാതിരുന്നതിന്റെ ഉത്തരം ആന്റോ തരണമെന്നും മേജര്‍ രവി പറഞ്ഞു.

Top