ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര മന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. മേഖലയിൽ വികസനവും സുരക്ഷയും സാമ്പത്തിക വളർച്ചയും ത്വരിതപ്പെടുത്താനുള്ള ബിജെപിയുടെ നൂതന പദ്ധതികൾ ഉൾപ്പെടുത്തിയതാണ് പുറത്തിറക്കിയ പ്രകടന പത്രിക. തീവ്രവാദത്തിന്റെ കേന്ദ്രമെന്നത് മാറ്റി കശ്മീരിനെ ബിജെപി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നത് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ പത്രികയിലുണ്ട്.
എല്ലാ കാലത്തും ബിജെപി നടത്തിയിട്ടുള്ളത് ജമ്മു കശ്മീരിനെ ഇന്ത്യയുമായി ഏകീകരിപ്പിക്കാനുള്ള പരിശ്രമമാണ് എന്ന് അമിത് ഷാ പറഞ്ഞു. എക്കാലത്തും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സർക്കാറിന് കീഴിൽ കശ്മീരിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും അമിത് ഷാ വിശദീകരിച്ചു.
Also Read: സീതാറാം യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി
നിരവധി വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ഓരോ വിദ്യാർത്ഥിക്കും ‘പ്രഗതി ശിക്ഷാ യോജന’ പ്രകാരം 3000 രൂപയുടെ യാത്രാ ആനുകൂല്യം നൽകും. മെഡിക്കൽ കോളേജുകളിൽ ആയിരം പുതിയ സീറ്റുകൾ തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. എല്ലാ വീടുകളിലെയും മുതിർന്ന സ്ത്രീയ്ക്ക് മാ സമ്മാൻ യോജന പദ്ധതി പ്രകാരം വർഷം 18,000 രൂപയുടെ സഹായം, ഉജ്ജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് എല്ലാ വർഷവും രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ, ഭൂരഹിതർക്ക് അടൽ ഭവന പദ്ധതി പ്രകാരം വീടുവെയ്ക്കാൻ ഭൂമി സൗജന്യമായി നൽകും കൂടാതെ ഈ ആനുകൂല്യങ്ങൾക്ക് പുറമെ വയോജന, വിധവ, വികലാംഗ പെൻഷനുകൾ മൂന്നിരട്ടിയായി വർദ്ധിപ്പിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളുമുണ്ട്.