ബംഗളൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിനു വിട്ടുനൽകണമെന്ന് സിദ്ധരാമയ്യയോട് പൊതുവേദിയിൽ പരസ്യമായി ആവശ്യപ്പെട്ട് വൊക്കലിഗ മഠാധിപതി. വിശ്വ വൊക്കലിഗ മഹാ സംസ്താനാധിപനും മഠാധിപതിയുമായ ചന്ദ്രശേഖർ സ്വാമിയാണ് സർക്കാർ പരിപാടിയിൽ പ്രസംഗമധ്യേ ഈ ആവശ്യമുന്നയിച്ചത്.
ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുയർന്ന രഹസ്യ ചർച്ചകൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സിദ്ധരാമയ്യയും ശിവകുമാറും വേദിയിലിരിക്കെ, ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന നാടപ്രഭു കെംപെഗൗഡ ജയന്തി ചടങ്ങിലാണ് വൊക്കലിഗ സ്വാമി ഈ ആവശ്യമുന്നയിച്ച് രംഗത്ത് വന്നത്.
മുഖ്യമന്ത്രി പദവി അനുഭവിച്ച സിദ്ധരാമയ്യ, ദയവുചെയ്ത് ശിവകുമാറിനായി പദവിയൊഴിയണം. ശിവകുമാറിന് അനുഗ്രാശിസ്സുകളും നൽകണം. സിദ്ധരാമയ്യ വിചാരിച്ചാലേ ഇതു നടക്കൂ. അല്ലാത്ത പക്ഷം നടക്കില്ല. അതിനാൽ സിദ്ധരാമയ്യയോട് കൈകൂപ്പി ഞാൻ പറയുന്നു, ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം’ – വൊക്കലിഗ സ്വാമി പറഞ്ഞു.
പ്രശസ്ത വൊക്കലിഗ മഠങ്ങളായ അദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ചന്നഗിരിയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ വി. ശിവഗംഗ കഴിഞ്ഞദിവസം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സ്വാമിയും പരസ്യ ആവശ്യം ഉന്നയിച്ചതെന്നതാണ് ശ്രദ്ധേയം. എല്ലാവരും മുഖ്യമന്ത്രിയായി അധികാരം ആസ്വദിച്ചു. എന്നാൽ, ഞങ്ങളുടെ ഡി.കെ. ശിവകുമാർ മാത്രം മുഖ്യമന്ത്രിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിന് ശേഷം ഇതുസംബന്ധിച്ച് സിദ്ധരാമയ്യയോട് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, കോൺഗ്രസ് ഒരു ഹൈകമാൻഡ് പാർട്ടിയാണെന്നും ഇതു ജനാധിപത്യ സംവിധാനമാണെന്നും ഹൈകമാൻഡ് പറയുന്നത് തങ്ങൾ അനുസരിക്കുമെന്നും പ്രതികരിച്ചു. കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞുഎന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം. സംസ്ഥാനത്ത് നടപ്പാക്കാനുള്ള പദ്ധതികളെ കുറിച്ച് സംസാരിക്കാൻ എം.പിമാർക്കൊപ്പം താനും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോവുകയാണെന്നും ശിവകുമാർ പറഞ്ഞു.