തിരുവനന്തപുരം: പാസ്പോർട്ടിനായി വ്യാജ രേഖകൾ തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയായ സി പി ഒ അൻസിൽ അസീസ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. 13 കേസുകളിലായി എട്ടു പ്രതികളെ നേരത്തേ തുമ്പ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും തയ്യാറാക്കിയ തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ്, ഇടനിലക്കാരനായ മൺവിള സ്വദേശി പ്രശാന്ത്, മുകുന്ദപുരം, കിഴക്കേത്തറ സ്വദേശി സഫറുള്ള ഖാൻ, കൊല്ലം ഉമയനല്ലൂർ സ്വദേശി ബദറുദ്ദിൻ, മണ്ണന്തല സ്വദേശി എഡ്വവേഡ്, വർക്കല സ്വദേശി സുനിൽ കുമാർ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
ഇവർക്ക് വ്യാജരേഖകൾ എടുക്കാൻ സഹായിക്കുകയും പൊലീസ് വെരിഫിക്കേഷനിൽ ഇടപ്പെട്ട് പാസാക്കാൻ സഹായിക്കുകയും ചെയ്തതായി കണ്ടെത്തിയ തുമ്പ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അൻസിൽ അസീസിനെ ഈ കേസുകളിൽ പ്രതി ചേർത്തിരുന്നു. ഇയാളെ ജൂൺ 15 ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അറസ്സിലാകുമെന്ന് മനസ്സിലാക്കിയ അൻസിൽ പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. അതിനുശേഷം ഇന്നാണ് അൻസിൽ കീഴടങ്ങിയത്.
വിശദാംശങ്ങൾ ചുവടെ:
തുമ്പ സ്റ്റേഷൻ പരിധിയിൽ അപേക്ഷിക്കപ്പെട്ട 20 ഓളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും അൻസിൽ അസീസ് ഇടപെട്ടതായി കണ്ടെത്തി. മറ്റു സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ പെട്ട പ്രതികൾക്ക് പോലും പാസ്പോർട്ട് എടുക്കുന്നതിനു വേണ്ടി തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ അഡ്രസ് ഉണ്ടാക്കുകയും, വ്യാജ ഇലക്ഷൻ ഐ ഡി കാർഡ് നിർമ്മിക്കുകയും ചെയ്യുന്നതിന് ഒത്താശ നൽകിയത് പൊലീസ് ഉദ്യോഗസ്ഥനായ അൻസിൽ അസീസ് ആണെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു.
ഇത്തരത്തിൽ വ്യാജ പാസ്പോർട്ടിനായി ആളുകളെ സംഘടിപ്പിച്ചു നൽകുന്നത് ഇടനിലക്കാരനായ പ്രശാന്ത് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആ ഇടനിലക്കാരൻ കൊണ്ടുവരുന്ന കേസുകൾ പൊലീസ് ഉദ്യോഗസ്ഥനായ അൻസിൽ വഴി വ്യാജ വിലാസം ഉണ്ടാക്കി വെരിഫിക്കേഷൻ പാസാക്കി കൊടുക്കും. ഇവർ പാസ്പോർട്ടിനായി ഹാജരാക്കിയ രേഖകൾ വ്യാജമാണെന്ന് തുമ്പ പൊലീസിന്റെ പാസ്പോർട്ട് വെരിഫിക്കേഷനിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. നേരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും പാസ്പോർട്ട് വെരിഫിക്കേഷൻ വിഭാഗത്തിൽ അൻസിൽ ഉണ്ടായിരുന്നു.
Also read: പോക്‌സോ കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവ്
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായ വ്യാജ പാസ്പോർട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇത്തരത്തിൽ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടോ എന്നും മനുഷ്യകടത്തുമായി ഈ സംഘത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കേസന്വേഷണ മികവിന് ഡി ജി പി യുടെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് അൻസിൽ.