CMDRF

ന്യൂഡില്‍സ് ഉണ്ടാക്കുന്നത് ചെറിയ വിപത്തല്ല… ‘ആരോഗ്യം മുഖ്യം’

ന്യൂഡില്‍സ് ഉണ്ടാക്കുന്നത് ചെറിയ വിപത്തല്ല… ‘ആരോഗ്യം മുഖ്യം’
ന്യൂഡില്‍സ് ഉണ്ടാക്കുന്നത് ചെറിയ വിപത്തല്ല… ‘ആരോഗ്യം മുഖ്യം’

മ്മുടേതല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങളോട് മലയാളികള്‍ക്ക് പ്രിയം കൂടുതലാണ്. ഹോട്ടലുകളിലും ഡിമാന്റ് കൂടുതല്‍ വരുത്തന്മാര്‍ക്കുതന്നെ. അതില്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഭക്ഷണ പദാര്‍ത്ഥമാണ് ന്യൂഡില്‍സ്. രണ്ട് മിനിറ്റിനുള്ളില്‍ ഉണ്ടാക്കാമെന്ന ടാഗ് ലൈനോടുകൂടിയാണ് ന്യൂഡില്‍സിനെ അവതരിപ്പിച്ചിരിക്കുന്നത് തന്നെ. അത് തന്നെയാണ് ന്യൂഡില്‍സിന് ഇത്രയും പ്രചാരം നേടിക്കൊടുക്കാന്‍ കാരണമായതും. വീട്ടിലാണെങ്കിലും നമ്മുടെ മുന്‍ഗണന ലിസ്റ്റില്‍ ന്യൂഡില്‍സിന്റെ സ്ഥാനം മുകളിലായിരിക്കും.

കുറഞ്ഞ സമയത്തിനുള്ളില്‍ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാമെന്നതുകൊണ്ട് ഇതിന്റെ ദൂഷ്യഫലങ്ങളൊന്നും അന്വേഷിക്കാനും മലയാളികള്‍ ശ്രമിക്കാറില്ല. രാത്രിയെന്നോ പകലെന്നോ നട്ടപ്പാതിരയെന്നോ ഇല്ലാതെ നമ്മള്‍ ന്യൂഡില്‍സിനെ ആശ്രയിക്കാറുണ്ട്. സ്ഥിരം കഴിക്കുന്നവരും ബാക്കിവന്ന ന്യൂഡില്‍സ് ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിക്കുന്നവരും നമ്മുക്കിടയിലുണ്ട്.

രാത്രി റെസ്റ്റോറന്റില്‍ നിന്ന് കൊണ്ടുവന്ന ചിക്കന്‍ ന്യൂഡില്‍സ് ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്ത് രാവിലെ കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ കാലുകള്‍ അഴുകിപോയ വാര്‍ത്തയറിഞ്ഞ് നാം ഞെട്ടിയിട്ട് അധികമായില്ല. ജീവന്‍ രക്ഷിക്കാനായി കാലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. വൃക്കകള്‍ തകരാറിലാക്കുന്നതും രക്തം കട്ടപിടിക്കാന്‍ തുടങ്ങിയതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിക്ക് ബോധം തിരികെ ലഭിച്ചത് 26 ദിവസങ്ങള്‍ക്ക് ശേഷമാണ്. നീസെറിയ മെനിഞ്ചൈറ്റിസ് എന്നും പേരുള്ള അണുബാധയാണ് വില്ലനായത്. ഇത് അതിവേഗം പടരുന്നതിനാല്‍ കാല്‍പാദങ്ങളും അഴുകി തുടങ്ങിയിരുന്നു. ഇനിയും ഇത്തരം ദുന്തത്തിന്റെ ബാക്കിപത്രമാകാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ്. സ്ഥിരം ഇന്‍സ്റ്റന്റ് ന്യൂഡില്‍സിനെ ആശ്രയിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും വലിയ വിലകൊടുക്കേണ്ടി വരും.

ന്യൂഡില്‍സിലെ അമിത സോഡിയം ഉപഭോഗം നമ്മുടെ അവയവങ്ങളെ നശിപ്പിക്കും. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് അടങ്ങിയിരിക്കുന്നു- ന്യൂഡില്‍സിന് രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇവ പൊതുവെ സുരക്ഷിതമാണെന്നാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) പറയുന്നത്. ഉയര്‍ന്ന എംഎസ്ജി ഉപഭോഗം ശരീരഭാരം, തലവേദന, ഓക്കാനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണ്ടെത്തല്‍.

മൈദ കൊണ്ടാണ് പലപ്പോഴും ന്യൂഡില്‍സ് തയ്യാറാക്കാറുള്ളത്. ധാന്യങ്ങളെ അപേക്ഷിച്ച് മൈദയില്‍ നാരുകളും അവശ്യ പോഷകങ്ങളും കുറവാണ്. വലിയ അളവില്‍ മൈദ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാന്‍ ഇടയാക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ള ഇവ കഴിക്കുന്നത് അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും. പൂരിത കൊഴുപ്പുകളും ട്രാന്‍സ് ഫാറ്റുകളും അടങ്ങിയ ഉത്പന്നമാണ് ന്യൂഡില്‍സ്. ഇവ എല്‍ഡിഎല്‍ (മോശം) കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാകുന്നു. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ന്യൂഡില്‍സില്‍ ടെര്‍ഷ്യറി ബ്യൂട്ടൈല്‍ഹൈഡ്രോക്വിനോണ്‍ (TBHQ), ബ്യൂട്ടൈലേറ്റഡ് ഹൈഡ്രോക്സിയാനിസോള്‍ (BHA) പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ഉണ്ട്. ഈ രാസവസ്തുക്കള്‍ ചെറിയ അളവില്‍ സുരക്ഷിതമാണെങ്കിലും, ദീര്‍ഘകാല ഉപഭോഗം ദോഷകരമാണ്. ഇവ നാഡീസംബന്ധമായ തകരാറുകള്‍, ലിംഫോമയ്ക്കുള്ള സാധ്യത, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ന്യൂഡില്‍സ് കഴിക്കുന്നതുകൊണ്ട് താല്‍ക്കാലിക വിശപ്പ് ശമിക്കും എന്നല്ലാതെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത്. തുടര്‍ച്ചയായി ന്യൂഡില്‍സ് കഴിക്കുമ്പോള്‍ ശരീരഭാരം വര്‍ധിക്കാനും സാധ്യതയുണ്ട്. ഇത് ദഹിക്കാന്‍ ഒരുപാട് സമയവും ആവശ്യമാണ്. ന്യൂഡില്‍സ് തുടര്‍ച്ചയായി കഴിക്കുന്നത് നമ്മുടെ കാഴ്ചയെയും ഗുരുതരമായി ബാധിക്കും. താത്കാലിക രുചിക്ക് മുന്‍ഗണന കൊടുക്കുന്നവര്‍ ഫാസ്റ്റ് ഫുഡ്, ഇന്‍സ്റ്റന്റ് ഫുഡ് എന്നിവ നമ്മെ എന്നെന്നേയ്ക്കുമായി രോഗികളാക്കുമെന്നുകൂടി ഓര്‍ക്കുക.

REPORT : GREESHMA P. S.

Top