സിനിമ പ്രേമികള്‍ക്ക് ഇന്ന് രണ്ട് വിരുന്നുകളാണ് മലയാള സിനിമ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരിക്കുന്ന രണ്ട് സിനിമകള്‍ ഇന്ന് ഒരുമിച്ചെത്തുമ്പോള്‍ തിയേറ്ററുകള്‍ നിറയുമെന്ന കാര്യത്തില്‍ സംശയമില്ല. രതീഷ് ബാലകൃഷ്ണ പൊതുവിളിന്റെ സംവിധാനത്തിലൊരുങ്ങുന്ന സ്പിന്‍ ഓഫ് ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യും വിപിന്‍ ദാസിന്റെ സംവിധാനത്തില്‍ ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രവുമാണ് ഇന്ന് റിലീസിനെത്തുക.
പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. മികച്ച പ്രതികരണമാണ് സിനിമയുടെ ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, പൃഥ്വിരാജ്-ബേസില്‍ കോംബോ ബിഗ് സ്‌ക്രീനില്‍ എങ്ങനെയെന്നതും കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ‘ജയ ജയ ജയ ജയ ഹേ’യിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ‘ഗുരുവായൂരമ്പല നടയിലൂ’ടെ ഒരു മികച്ച എന്റര്‍ടെയ്ന്‍മെന്റ് നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഫണ്‍ ഫാമിലി എന്റര്‍ടെയ്‌നറില്‍ വരുന്നതാണ് ഇരു സിനിമകളും. ‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രത്തിലെ പ്രേക്ഷകര്‍ ആഘോഷിച്ച ഭാഗമാണ് സുരേശനും സുമലത ടീച്ചറും തമ്മിലുള്ള പ്രണയം. ഹൃദയഹാരിയായ പ്രണയകഥയിലൂടെ ആ പ്രണയം ഇന്ന് വീണ്ടുമെത്തുകയാണ്. രാജേഷ് മാധവന്‍, ചിത്ര നായര്‍ എന്നിവര്‍ ടൈറ്റില്‍ റോളിലെത്തുന്ന സിനിമ എങ്ങനെ രസകരമാകുമെന്നാണ് മലയാളികളും നോക്കിക്കാണുന്നത്. മൂന്ന് കാലഘട്ടങ്ങളിലായി പറയുന്ന പ്രണയ കഥയില്‍ രസകരമായ നിരവധി മുഹൂര്‍ത്തങ്ങളും പ്രതീക്ഷിക്കാം. സിനിമയുടെ ട്രെയ്‌ലര്‍-ടീസറുകളും പാട്ടികളുമെല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.