മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കൂട്ടത്തോടെ ഉന്നത പഠനത്തിനായി നാടുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും തൊഴിൽ വിപണിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക ഇപ്പോൾ സജീവമാണ്. കേരളത്തിൽ നിന്നും വിദേശപഠനത്തിനായി പോയ കുട്ടികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്ന കഴിഞ്ഞ വർഷത്തെ കേരള മൈഗ്രേഷൻ റിപ്പോർട്ടും ഏറെ ചർച്ചയായി. എന്നാൽ വിദേശ ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളിൽ ഭൂരിഭാഗവും തിരികെ വരില്ലെന്ന റിപ്പോർട്ടും ഒരേസമയം ആശങ്കയുണ്ടാക്കിയിരുന്നു. പുറത്തു വരുന്ന പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത് കേരളത്തിൽ നിന്നടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിൽ കുറവുണ്ടായെന്നാണ്.
12 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശപഠനത്തിനായി രാജ്യം വിട്ടുവെന്നാണ് 2023 ലെ കണക്ക്. ഇത് 15-20 ലക്ഷം വരെയാകും അടുത്ത വർഷത്തിൽ എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വിദ്യാഭ്യാസ വായ്പാ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ആയ ഗ്യാൻധാൻ 2024 മാർച്ച് മുതൽ മേയ് വരെ നടത്തിയ പഠനം ഈ കണക്കുകളെ തിരുത്തുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ സമാനകാലയളവ് പരിശോധിച്ചാൽ വിദേശ പഠനത്തിനായി വായ്പയെടുക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ 22 ശതമാനം കുറവുണ്ടായെന്നാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്ത് പോകുന്ന തെലങ്കാനയിൽ 30 ശതമാനവും ഗുജറാത്തിൽ 35 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വായ്പകളുടെ എണ്ണത്തിൽ ആകട്ടെ 12.39 ശതമാനം കുറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവിന് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞ മൂന്ന് വർഷമായി മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല. വിദേശ പഠനത്തിന്റെ മറുപുറമായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യവും ഇതാണ്. സാങ്കേതിക മേഖലയിലും വിദഗ്ധ ജോലികളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് മാത്രമാണ് മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നത്. പല രാജ്യങ്ങളിലും മതിയായ താമസ സൗകര്യം പോലും ലഭിക്കാത്തതും വിദ്യാർത്ഥികൾക്ക് തിരിച്ചടിയാണ്.
ഇന്ത്യൻ വിദ്യാർത്ഥികൾ കൂടുതലായെത്തുന്ന രാജ്യങ്ങളിലെ തൊഴിൽ, വിദ്യാഭ്യാസം എന്നീ നയങ്ങളിൽ വന്ന മാറ്റവും തിരിച്ചടിയാണ്. വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം അടുത്തിടെയാണ് കാനഡ സർക്കാർ നടപ്പിലാക്കിയത്. ആസ്‌ട്രേലിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറച്ചതിനൊപ്പം ഫീസും ഇരട്ടിയാക്കി, ഏറ്റവും കൂടുതൽ ഇന്ത്യൻ കുട്ടികളെത്തുന്ന യു.കെയും വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് എന്നാണ് കണക്കുകൾ പറയുന്നത്. തദ്ദേശീയരുടെ തൊഴിലവസരങ്ങങ്ങളിൽ വിദേശികൾ കയ്യടക്കുന്നുവെന്ന പ്രചാരണം യു.എസിനെയും കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇതേ സമയം കൂടുതൽ വിദേശ വിദ്യാർത്ഥികൾക്ക് ഗ്രീൻ കാർഡ് അനുവദിക്കുമെന്ന പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ വാഗ്ദാനം ഏറെ ആശ നൽകുന്നതാണ്.
വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോഴത്തെ പ്രതിസന്ധി അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് അനാരോഗ്യകരമായ വിപണി പ്രവണതകളെ ഇല്ലാതാക്കുമെന്നും, മികച്ചതും കുറ്റമറ്റതുമായ സേവനങ്ങൾ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യാൻ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് കഴിയുമെന്നതാണ് പ്രതീക്ഷ.