സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽ ഖോബാറിന്​ സമീപം തുഖ്​ബയിലുള്ള ഫ്ലാറ്റിൽ ബുധനാഴ്​ച വൈകീട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​

സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലത്ത്​ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ കാഞ്ഞാവെളി സ്വദേശി മംഗലത്ത്​ വീട്ടിൽ അനൂപ്​ മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ്​ അൽ ഖോബാറിന്​ സമീപം തുഖ്​ബയിലുള്ള ഫ്ലാറ്റിൽ ബുധനാഴ്​ച വൈകീട്ട്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. ഏക മകൾ അഞ്ചു വയസ്സുകാരി ആരാധ്യ അനൂപിന്റെ നിലവിളികേട്ട്​ അയൽക്കാരാണ്​ വിവരം പൊലീസിൽ അറിയിച്ചത്​. കുടുംബവഴക്കാണ്​ മരണകാരണമെന്നാണ്​ അറിയുന്നത്​. പൊലീസെത്തി വാതിൽ പൊളിച്ചാണ്​ മൃതദേഹങ്ങൾ കണ്ടെത്തിയത്​.

രമ്യ കട്ടിലിൽ മരിച്ച നിലയിലും അനൂപ്​ മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. തുഖ്​ബ സനാഇയയിൽ ഡെൻറിങ്​​, പെയിൻറിങ്​ വർക്​ ഷോപ്​ നടത്തുകയായിരുന്ന അനൂപ്​ വർഷങ്ങളായി ഇവിടെ കുടുംബവുമായി താമസിക്കുകയായിരുന്നു. പൊലീസ്​ ചോദിച്ചപ്പോൾ​ അമ്മ രണ്ട്​​ മൂന്ന്​ ദിവസമായി കട്ടിലിൽ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ്​ കുട്ടി പറഞ്ഞത്​. കട്ടിലിൽ കിടന്ന തന്റെ മുഖത്ത്​ തലയണ അമർത്തി അച്​ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ വിട്ടിട്ട്​ ​പോവുകയായിരുന്നെന്നും കുട്ടി പറയുന്നു.

Also Read:ന്യൂ ഗ്ലോബൽ സ്പോർട്സിന് വേദിയായി റിയാദ്

കുട്ടിയുടെ മൊഴിയനുസരിച്ച്​ രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ്​ പൊലീസ്​ നിഗമനം. പോസ്​റ്റുമോർട്ടത്തിന്​ ശേഷമേ മരണകാരണം വ്യക്തമാകൂ. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ്​ വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ്​ ആരാധ്യ അദ്ദേഹത്തെ ഏൽപിച്ചു. അൽ ഖോബാറിലുള്ള ഒരു മലയാളി കുടുംബത്തിന്റെ സംരക്ഷണയിലാണ്​ ഇപ്പോൾ കുട്ടിയുള്ളതെന്ന്​​ നാസ്​ പറഞ്ഞു. നാട്ടിലുള്ള കുടുംബങ്ങൾ താനുമായി ബന്ധപ്പെട്ടുവെന്നും കുട്ടിയുമായി സംസാരിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അനന്തര നടപടികൾക്ക്​ ശേഷം മൃതദേഹങ്ങൾ ദമ്മാം മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിലേക്ക്​ മാറ്റി.

Top