ഇടുക്കി: ആനച്ചാല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ലാത്വിയയിലെ തടാകത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ആനച്ചാല്‍ അറക്കല്‍ ഷിന്റോ -റീന ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ഷിന്റോയെയാണ് കാണാതായത്. ലാത്വിയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
പതിനെട്ടാം തീയതി നാലുമണിയോടെയാണ് ആല്‍ബിനെ കാണാതാകുന്നത്. സുഹൃത്തുക്കള്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കള്‍ വിവരം കോളേജ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ത്തകര്‍ പരിശോധന നടത്തിയെങ്കിലും ആല്‍ബിനെ കണ്ടെത്താനായില്ല. ആല്‍ബിനായുളള തിരച്ചില്‍ നടന്ന് കൊണ്ടിരിക്കുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. ഇന്നലെ നടത്തിയ പരിശോധനയിലും ആല്‍ബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തടാകത്തിന്റെ ഭാഗമായ ടണലില്‍ ആഴം കൂടുതലായതിനാല്‍ ആഴത്തിലേക്ക് ഇറങ്ങി പരിശോധന നടത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. അതിനാല്‍ തന്നെ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
കായിക താരമായിരുന്ന ആല്‍ബിന്‍ എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പിതാവ് ഷിന്റോ ആനച്ചാലില്‍ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കല്‍ എല്‍പി സ്‌കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആല്‍ബിനുള്ളത്. ആല്‍ബിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി എം പി അഡ്വ . ഡീന്‍ കുര്യാക്കോസ് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.