CMDRF

‘നേതാക്കളോട് മാന്യമായി പെരുമാറാന്‍ പറയൂ’; രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ഖര്‍ഗെ

രാജ്യത്തെ ഭരണഘടനയുമായും ജനാധിപത്യവുമായും നേരിട്ട് ബന്ധപ്പെടുന്ന ഒരു വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു

‘നേതാക്കളോട് മാന്യമായി പെരുമാറാന്‍ പറയൂ’; രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ഖര്‍ഗെ
‘നേതാക്കളോട് മാന്യമായി പെരുമാറാന്‍ പറയൂ’; രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ഖര്‍ഗെ

ഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യത്തെ രാഷ്ട്രീയ സംവിധാനത്തിന്റെ അപചയം തടയാന്‍ ഇത്തരം വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.

‘രാജ്യത്തെ ഭരണഘടനയുമായും ജനാധിപത്യവുമായും നേരിട്ട് ബന്ധപ്പെടുന്ന ഒരു വിഷയത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടക്കുന്ന അപകീര്‍ത്തികരവും അങ്ങേയറ്റം ആക്ഷേപകരവുമായ പരാമര്‍ശങ്ങളെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങേയറ്റം ദുഖത്തോടെ പറയട്ടെ, നിങ്ങളുടെ പാര്‍ട്ടിയും സഖ്യകക്ഷികളും ഉപയോഗിക്കുന്ന അങ്ങേയറ്റം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഭാവിയിലേക്ക് ദോഷം ചെയ്യുന്നവയാണ്. കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി, ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്ത്രിയാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ നമ്പര്‍ വണ്‍ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്.

കേന്ദ്ര സര്‍ക്കാരുമായി ബന്ധമുള്ള പാര്‍ട്ടിയിലെ എംഎല്‍എ രാഹുല്‍ ഗാന്ധിയുടെ നാവ് അറുത്താല്‍ 11 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ധാനം ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ വ്യക്തി പറയുന്നു രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റെ മുത്തശ്ശിക്ക് സമാനമായ അനുഭവമുണ്ടാക്കുമെന്ന്,’ ഹിന്ദിയില്‍ അയച്ച കത്തില്‍ ഖാര്‍ഗെ കുറിച്ചു.

‘ഇന്ത്യയുടെ സംസ്‌കാരം രാജ്യത്താകെ ചര്‍ച്ച ചെയ്യപ്പെടുന്നത് അഹിംസയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പേരിലാണ്. രാഷ്ട്രീയത്തില്‍ ഇവയെ മാനദണ്ഡമാക്കിയവരാണ് നമ്മുടെ നേതാക്കള്‍. ബ്രിട്ടീഷ് ഭരണകാലത്തും ഗാന്ധിജി ഈ ആശയങ്ങള്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ ശ്രദ്ധിച്ചിരുന്നു. സ്വാതന്ത്യം ലഭിച്ചതിന് ശേഷവും പ്രതിപക്ഷവും ഭരണകക്ഷവും തമ്മില്‍ ആരോഗ്യപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിദ്വേഷം വിളമ്പുന്ന ഇത്തരം ദുഷ്ട ശക്തികള്‍ കാരണം രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്കും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ക്കും ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. ഭരണകക്ഷിയുടെ ഇത്തരം രാഷ്ട്രീയ സ്വഭാവം ജനാധിപത്യ ചരിത്രത്തിലെ കാര്‍ക്കശ്യത്തിന്റെ മുഖമാണ് പ്രതിഫലിപ്പിക്കുന്നത്,’ ഖാര്‍ഗെ പറഞ്ഞു. നിങ്ങളുടെ നേതാക്കള്‍ക്ക് മേല്‍ അച്ചടക്കവും മര്യാദയും നിര്‍ബന്ധമാക്കേണ്ടത് അനിവാര്യമാണ്. നേതാക്കളോട് മാന്യമായി പെരുമാറാന്‍ പറയൂ. ഇത്തരം വിദ്വേഷ പ്രചാരം നടത്തുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top