കൊല്‍ക്കത്ത: ലൈംഗിക ആരോപണം നേരിടുന്ന ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവര്‍ണര്‍ എന്ത് കൊണ്ടാണ് ഇതുവരെയും രാജി വെക്കാത്തത്. ഇക്കാര്യം ഗവര്‍ണര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഇനിയും രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ഗവര്‍ണര്‍ രാജിവെക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം രണ്ട് തവണ ആനന്ദബോസില്‍ നിന്ന് പീഡനശ്രമമുണ്ടായെന്നാണ് രാജ്ഭവന്‍ താത്കാലിക ജീവനക്കാരിയായ പരാതിക്കാരി വ്യക്തമാക്കിയിട്ടുള്ളത്. ഏപ്രില്‍ 24 ന് ഗവര്‍ണ്ണറുടെ മുറിയില്‍ വച്ചായിരുന്നു ആദ്യ ശ്രമം. മെയ് 2 ന് കോണ്‍ഫറന്‍സ് റൂമില്‍ വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. രണ്ട് തവണ പീഡന ശ്രമമുണ്ടായെന്നും നുണപരിശോധനക്ക് വിധേയയാകാന്‍ താന്‍ തയ്യാറാണെന്നുമാണ് പരാതിക്കാരി പറഞ്ഞത്. അതേസമയം അന്വേഷണ സംഘത്തിന്റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല.