കൊൽക്കത്ത: തിലാപിയ മത്സ്യം കഴിച്ചാൽ കാൻസർ വരുമെന്ന അഭ്യൂഹം തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിലാപിയ മത്സ്യം കഴിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോയെന്ന് മമത സെക്രട്ടേറിയറ്റ് യോഗത്തിനിടെ ഉദ്യോഗസ്ഥരോട് ചോദിച്ചു. അത്തരം പ്രചാരണത്തെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചതിനെ സംബന്ധിച്ചും മമത ആരാഞ്ഞു. അതിനു ശേഷം ധൈര്യമായി തിലാപിയ മത്സ്യം കഴിക്കാമെന്നും ഈ മത്സ്യം കാൻസറുണ്ടാക്കുകയില്ലെന്നും മമത പറഞ്ഞു. ആരാണ് ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അവർക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു.