മോദിക്ക് വീണ്ടും കത്തയച്ച് മമത

ഓഗസ്റ്റ് 22ന് അയച്ച കത്തിന് മറുപടി നല്‍കാത്തതിനെ തുടർന്നാണ് വീണ്ടും കത്തയച്ചത്

മോദിക്ക് വീണ്ടും കത്തയച്ച് മമത
മോദിക്ക് വീണ്ടും കത്തയച്ച് മമത

കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നേരത്തെ മമത മോദിക്ക് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചിരുന്നു. എന്നാൽ ആ കത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഒരിക്കൽ കൂടി കത്തയച്ചിരിക്കുന്നത്. ഓഗസ്റ്റ് 22ന് അയച്ച കത്തിന് മറുപടി നൽകാത്തതിൽ നിരാശയും പ്രകടിപ്പിക്കുന്നുണ്ട്.

‘ബലാത്സംഗ സംഭവങ്ങളിൽ കർശനമായ കേന്ദ്ര നിയമനിർമാണത്തിന്റെ ആവശ്യകതയെക്കുറിച്ചും അത്തരം കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനെക്കുറിച്ചും ഓഗസ്റ്റ് 22ന് ഞാൻ താങ്കൾക്ക് അയച്ച കത്ത് ഓർമയുണ്ടാകുമെന്ന് കരുതുന്നു. ഇത്തരമൊരു വിഷയത്തിൽ നിങ്ങളിൽ നിന്ന് മറുപടി ഒന്നും ലഭിച്ചില്ല,’ മമത പറഞ്ഞു.

Also Read:ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്ന സംഭവം; കണ്‍സള്‍ട്ടന്റ് അറസ്റ്റില്‍

പ്രശ്‌നം പരിഹരിക്കാൻ ബംഗാൾ സർക്കാർ കാര്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മമത കൂട്ടിച്ചേർത്തു. 88 അതിവേഗ പ്രത്യേക കോടതികൾക്കും, 62 പോക്‌സോ നിയുക്ത കോടതികൾക്കും പുറമേ പത്ത് പോക്‌സോ കോടതികൾ ബംഗാളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ കോടതികളിലേക്ക് സ്ഥിരം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് മോദി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ മമത മോദിക്ക് അയച്ച കത്തിൽ രാജ്യത്ത് പ്രതിദിനം 90 ബലാത്സംഗം നടക്കുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.

ഓഗസ്റ്റ് ഒമ്പതിന് ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Top