തിരുവനന്തപുരം/ദില്ലി: സിനിമ പ്രേക്ഷകർ കാത്തിരുന്ന സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമാണ് ഒരുദിവസം നടക്കുന്നത്. അതേസമയം 2022ലെ പുരസ്കാരങ്ങളാണ് ദേശീയ അവാർഡിൽ പ്രഖ്യാപിക്കുന്നത്, പകൽ മൂന്നിനാണ് പ്രഖ്യാപനം. അതേസമയം, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്ക് നടക്കും. എന്നാൽ 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്.
എന്നാൽ മലയാളികൾക്ക് പ്രതീക്ഷനൽകി ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരത്തിൽ മലയാള താരം മമ്മൂട്ടിയും കൂടെ കന്നഡ താരം ഋഷഭ് ഷെട്ടിയുമാണ് അവസാന റൗണ്ടിലെന്ന് വാർത്തകൾ വന്നിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ മികവിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയും മത്സരിക്കുന്നുവെന്നാണ് നിലവിൽ സോഷ്യൽമീഡിയയിലടക്കമുയരുന്ന ചർച്ച. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയനന്ദനനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവർ ഇത്തവണത്തെ ജൂറി അംഗങ്ങളാണ്.
ഇന്ന് രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തിൽ മത്സരത്തിന് ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഘട്ടത്തിൽ അമ്പതിൽ താഴെയായി ചുരുങ്ങി ചിത്രങ്ങൾ. അതേസമയം കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്.