മമ്മുട്ടിയുടെ വാഹനങ്ങളോടുള്ള പ്രിയത്തെപറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ലലോ.ഇപ്പോളിതാ ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലും സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ വാഹന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കഴിഞ്ഞ മാർച്ചിൽ മമ്മൂട്ടി കുടുംബം സ്വന്തമാക്കിയ വെൽഫെയറിന്റെ വിഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയതിന് വ്യക്തമല്ലെങ്കിലും വെൽഫെയറിന്റെ ബേസ് വേരിയന്റിന് 1.22 കോടി രൂപയും വി ഐ പി വേരിയന്റിന് 1.32 കോടി രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്.
വെല്‍ഫയറിന്റെ ആദ്യ മോഡല്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പുതിയ മോഡല്‍ ആദ്യമെത്തുന്ന മമ്മൂട്ടിയുടെ വാഹനശേഖരത്തിലേക്കാണ്. അത്യാഡംബര സൗകര്യങ്ങളോട് കൂടിയാണ് ടൊയോട്ട പുതിയ വെല്‍ഫയര്‍ നിരത്തിലിറക്കിയിരിക്കുന്നത്. പഴയ രൂപം നിലനിര്‍ത്തിയെങ്കിലും ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.
വെൽഫെയറിന്റെ ആദ്യകാഴ്ചയിൽ കണ്ണുകളിലുടക്കുക മുൻഭാഗത്തെ ഗ്രില്ലുകളാണ്. സ്പ്ളിറ്റ് എൽ ഇ ഡി ഹെഡ് ലാമ്പുകൾ ഒരു ഭാഗമെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സിക്സ് സ്ലാറ്റ് ഗ്രില്ലിന്റെ രൂപകൽപന. 4995 എം എം നീളവും 1850 എം എം വീതിയും 1950 എം എം ഉയരവുമുള്ള വാഹനത്തിന്റെ വീൽ ബേസ് 3000 എം എം ആണ്. മുൻ മോഡലിനെ അപേക്ഷിച്ചു പുതിയ വെൽഫെയറിനു നീളവും ഉയരവും അല്പം കൂടുതലാണ്. 19 ഇഞ്ച് അലോയ് വീലുകളാണ്.
Also Read: കൊറിയർ വീട്ടിലെത്തിക്കാൻ കെ.എസ്.ആര്‍.ടി.സി
TNGA-K പ്ലാറ്റ്ഫോമിലാണ് വെല്‍ഫയര്‍ ഒരുങ്ങിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഭാരം കുറവാണെന്നതാണ് പ്രധാന പ്രത്യേകത. ഇന്റീരിയറിലെ ആഡംബരം ഒട്ടും കുറഞ്ഞിട്ടില്ല. വലിയ 14 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുന്നതിനാല്‍ ഇന്റീരിയറില്‍ ഫിസിക്കല്‍ ബട്ടണുകള്‍ തീരെ കുറവാണ്. മസാജിങ് സംവിധാനമുള്ള എക്ട്രാ ലാര്‍ജ് സീറ്റുകള്‍, കണ്‍ട്രോള്‍ സണ്‍റൂഫ്, ആപ്പ് വഴിയുള്ള പവര്‍ വിന്‍ഡോ, 15 ജെ.ബി.എല്‍ സ്പീക്കറുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, എന്നിങ്ങനെയാണ് ഫീച്ചറുകള്‍.
റിമോട്ട് കണക്ടട് ഡോര്‍ ലോക്ക്/അണ്‍ലോക്ക്, എയര്‍ കണ്ടീഷനിങ്, എമര്‍ജന്‍സി സര്‍വീസസ്, ഡ്രൈവര്‍ മോണിറ്ററിങ് അലര്‍ട്ട്‌സ് തുടങ്ങി അറുപതിലധികം കണക്ടട് ഫീച്ചറുകളും വാഹനത്തിലുണ്ട്. സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് അഡാസ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. പ്രീ-കൊളീഷന്‍ സേഫ്റ്റി സിസ്റ്റം, ലെയ്ന്‍ ട്രെയ്‌സ് അസിസ്റ്റന്‍സ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് മോണിറ്റര്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇത്. കൂടാതെ ആറ് എയര്‍ബാഗുകള്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയും ഇതിലുണ്ട്.