തിരുവനന്തപുരം: ഇത്തവണയും സിനിമാ പ്രേമികളിൽ ആകാംക്ഷ നിറക്കുകയാണ് 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. സ്‌ക്രീനിങ് രണ്ടാംഘട്ടത്തിൽ എത്തി, മത്സരം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ ജൂറി ചൂടുപിടിച്ച ചർച്ചയിലാണ്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ഇത്തവണ ജൂറി അധ്യക്ഷൻ. അതേസമയം സംവിധായകൻ പ്രിയാനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ. കൂടാതെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാൻ എൻ.എസ് മാധവൻ എന്നിവരും ജൂറി അംഗങ്ങളാണ്.
എന്നാൽ ആദ്യഘട്ടത്തിൽ നൂറ്ററുപതിലേറെ ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും രണ്ടാംഘട്ടത്തിൽ അത് അമ്പതിൽ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും ഇപ്രാവിശ്യത്തെ മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനമന്ദിരത്തിലെ രണ്ടു തിയറ്ററുകളിലായാണ് നിലവിൽ സ്‌ക്രീനിങ് പുരോഗമിക്കുന്നത്. ശേഷം അന്തിമ പട്ടികയിലെത്തിയ ചിത്രങ്ങളുടെ സ്‌ക്രീനിങ് പൂർത്തിയാക്കി ആഗസ്റ്റ് 16ന് പുരസ്‌കാരം പ്രഖ്യാപിക്കുമെന്നാണ് വിവരം.
ജിയോ ബേബി സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി തന്നെ നായകനായ കണ്ണൂർ സ്‌ക്വാഡ്. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള മത്സരത്തിലുണ്ട്. അതേസമയം റിലീസ് ചെയ്യാത്ത ചിത്രങ്ങളും ജൂറി കണ്ടിരിക്കാം. അതുകൊണ്ടു തന്നെ മികച്ച സിനിമ, സംവിധാനം എന്നിവ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ ചൂടുപിടിച്ച ചർച്ചയാണ് നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂർ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ് ചലചിത്തരാ മേഖലയിലെ റിപ്പോർട്ടുകൾ. ഉർവശിയും പാർവതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കും മത്സരിക്കുന്നു.
അതേസമയം കഴിഞ്ഞ തവണ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ തന്റെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. ഇതോടെ ആറ് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി നേടിയിട്ടുള്ളത്.
മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിലൂടെ നേടാൻ ഉർവശിക്ക് കഴിഞ്ഞാൽ അത് കരിയറിലെ ഉർവ്വശിയുടെ ആറാം പുരസ്‌കാരമാകും. മഴവിൽക്കാവടി, വർത്തമാന കാലം (1989), തലയിണ മന്ത്രം (1990), കടിഞ്ഞൂൽ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991), കഴകം (1995), മധുചന്ദ്രലേഖ (2006) എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഉർവശിക്ക് മുമ്പ് പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
എന്നാൽ വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജ് ഇതുവരെ രണ്ടു വട്ടം നേടിയിട്ടുണ്ട്. യുവനടി എന്ന നിലയിൽ തന്നെ ചാർലി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് 2015 ലും ടേക്ക് ഓഫിലെ അഭിനയത്തിന് 2017 ൽ പാർവതിയും മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായി.