മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന പുതിയ ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകളെങ്കിൽ, ഇപ്പോൾ ചിത്രം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്. നവംബർ 14-15 തീയതികളിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.
ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിന്റെ ചിത്രീകരണം എത്രയും വേഗം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ ഭാഗങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. റിലീസ് സംബന്ധിച്ച് അന്തിമ തീരുമാനം അടുത്ത് തന്നെയുണ്ടാകുമെന്നാണ് സൂചന.
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന താരങ്ങൾ. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.