ഹൂസ്റ്റൺ: ചന്ദ്രനിലും ചൊവ്വയിലും വരെ മനുഷ്യൻ ഒരുനാൾ എത്തുകയും, അവിടെ സ്വന്തമായി കുഴികളെടുത്ത് പര്യവേഷണം ചെയ്യുന്ന കാലം വരുമോ? എന്നാൽ ഒരു ദിവസം അത് സംഭവിച്ചേക്കാം എന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പുതിയ വമ്പൻ കരാർ നൽകുന്ന സൂചന. നിലവിൽ സാങ്കേതികവിദ്യയും സാങ്കേതികവിദഗ്ധരെയും കൈമാറാൻ ഊർജ പര്യവേഷണ രംഗത്തെ പ്രമുഖ കമ്പനിയായ ബിപി ടെക്നോളജിയുമായി നാസ കരാറിലെത്തി. റോബോട്ടിക്‌സ്, ക്ലീൻ എനർജി തുടങ്ങിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹകരണം സഹായിക്കുമെന്ന് ബിപി പ്രതീക്ഷിക്കുന്നു. മനുഷ്യൻറെ ബഹിരാകാശ പര്യവേഷണത്തിനും ഊർജ ഉൽപാദനത്തിനും ഈ കരാർ മുതൽക്കൂട്ടാകുമെന്ന് ബിപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം ഒരു ദിവസം ബിപി ടെക്‌നോളജിയുടെ സാങ്കേതികവിദ്യകൾ ചൊവ്വയിലോ ചന്ദ്രനിലോ പര്യവേഷണം ചെയ്യുന്നത് നമ്മുടെ ആയുസിനിടയിൽ തന്നെ കണ്ടേക്കാം. എന്നാൽ ഭൂമിയിൽ കൂടുതൽ എണ്ണയും ഗ്യാസും കണ്ടെത്താനായാണ് നിലവിലെ സഹകരണമെങ്കിലും അന്യഗ്രഹങ്ങളിലെ പര്യവേഷണമടക്കം ഈ സഹകരണത്തിൻറെ ഭാഗമാകും. അതേസമയം ‘ഏറെ പ്രതികൂലമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതിൽ വിദഗ്ധരാണ് നാസയും ബിപി ടെക്‌നോളജിയും. അത് ചിലപ്പോൾ കടലിന് അടിയിലാവാം, എന്നാൽ അങ്ങ് ചന്ദ്രനിലാവാം. വളരെ സങ്കീർണമായ എഞ്ചിനീയറിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ തീർച്ചയായും ഈ സഹകരണം വഴി സാധിക്കും. സുരക്ഷിതമായ ഊർജ വിതരണവും എമിഷൻ കുറയ്ക്കുന്നതിലും ഒരുമിച്ച് ശ്രദ്ധ പുലർത്തുമെന്നും’ ബിപി കമ്പനിയുടെ സീനിയർ എക്‌സിക്യുട്ടീവായ ഗിവാന്നി ക്രിസ്റ്റോഫോളി വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
കൂടാതെ കടലിൽ 14,000 അടിയിലും ഭൂമിയിൽ നിന്ന് 225 കിലോമീറ്റർ അകലെയും എഞ്ചിനീയർമാർക്കും ശാസ്ത്രജ്ഞർമാർക്കും ഉപകരണങ്ങൾ പരീക്ഷിക്കാനുള്ള ഡിജിറ്റൽ മോഡലുകളും സിമുലേഷനുകളും പരസ്‌പരം കൈമാറുന്നതും ഈ സഹകരണത്തിലുണ്ട്. അതിൽ ഹൈഡ്രജൻ ഉപയോഗം, ഹൈ-കപ്പാസിറ്റി ബാറ്ററി നിർമാണം, സോളാർ പവർ സിസ്റ്റംസ് സ്ഥാപിക്കൽ, ചെറുകിയ ന്യൂക്ലിയർ പവർ സംവിധാനങ്ങളൊരുക്കൽ എന്നിവയിലും നാസയും ബിപി ടെക്‌നോളജിയും ഭാവിയിൽ സഹകരിക്കാനിടയുണ്ട്. അതേസമയം കമ്പനികളും സർവകലാശാലകളും മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കാൻ കഴിയുന്ന അമേരിക്കൻ നിയമം പ്രകാരമാണ് നാസ ബിപി ടെക്നോളജിയുമായി നാസ കരാറിൽ എത്തിയിരിക്കുന്നത്. ഇന്ന് ഊർജ മേഖലയിൽ പുത്തൻ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിൽ പ്രസിദ്ധരാണ് ബിപി ടെക്നോളജി. അതിനാലാണ് ഈ കരാർ ഇത്ര വലിയ പ്രാധാന്യം അർഹിക്കുന്നത്.