കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയാകും: വകുപ്പുകളില്‍ മാറ്റം

കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയാകും: വകുപ്പുകളില്‍ മാറ്റം

ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്‍എ ഒആര്‍ കേളു മന്ത്രിയാകും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നല്‍കുക. സിപിഎം സംസ്ഥാന സമിതിയംഗമാണ് അദ്ദേഹം. അതേസമയം, കേരള മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി.എന്‍ വാസവന് ദേവസ്വം വകുപ്പിന്റെ ചുമതല നല്‍കും. പാര്‍ലമെന്ററി കാര്യവകുപ്പ് എം.ബി രാജേഷിന് നല്‍കും.
വയനാട് ജില്ലയില്‍നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒആര്‍ കേളു. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് 2015ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പികെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലും വിജയം ആവര്‍ത്തിച്ചു.

അതേസമയം, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പ് പട്ടിക വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള ഉത്തരവില്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ ഒഴിവാക്കും. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്. കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിര്‍ദേശം. കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകള്‍ നല്‍കണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയരക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു.

Top