തൃശൂര്‍: വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ വനിത ഉദ്യോഗസ്ഥ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ട്. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് 20 കോടി തട്ടിയെടുത്തെന്ന് തൃശൂര്‍ റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞു. കൊല്ലം സ്വദേശിനി ധന്യാ മോഹനെ പിടികൂടാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ഇവര്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപികരിച്ചെന്ന് എസ് പി വ്യക്തമാക്കി. ധന്യാ മോഹന്റെ വലപ്പാട്ടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്.
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതല്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സ്ണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. യുവതി ഒളിവില്‍ പോകുന്നതിന് തൊട്ടുമുമ്പ് വരെ 18 വര്‍ഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ഈ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്.