ഷാർജ: മാമ്പഴങ്ങൾക്ക് മാത്രമായി ഒരു ഉൽസവത്തിന് ഖോർഫക്കാൻ ഒരുങ്ങുന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ് മൂന്നാമത് വാർഷിക മാമ്പഴോൽസവം എക്സ്പോ ഖോർഫക്കാനിൽ സംഘടിപ്പിക്കുന്നത്. ജൂൺ 28മുതൽ 30വരെയാണ് ഖോർഫക്കാൻ മുനിസിപ്പൽ കൗൺസിലുമായി സഹകരിച്ച് നടക്കുന്ന പരിപാടി അരങ്ങേറുന്നത്. മാമ്പഴോൽസവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് ചേംബർ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ, കർഷകർ, മാമ്പഴം ഉൽപാദിപ്പിക്കുന്ന കുടുംബങ്ങൾ എന്നിവർ പ്രദർശനങ്ങളുമായി പങ്കെടുക്കുന്ന മേളയിൽ വ്യത്യസ്തയിനം മാമ്പഴങ്ങളും പഴങ്ങളും ലഭ്യമായിരിക്കും. സാമ്പത്തിക, ഭക്ഷ്യസുരക്ഷയുടെ പ്രധാന ഭാഗമായ കാർഷിക ഉൽപ്പാദനത്തെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള രൂപകൽപന ചെയ്തിരിക്കുന്നത്. മേഖലയിലെ വാണിജ്യ, ടൂറിസം പ്രവർത്തനങ്ങൾ വർധിപ്പിക്കാനും പരിപാടി വഴി ലക്ഷ്യമിടുന്നു.
പ്രാദേശിക കർഷകരുടെ വിപുലമായ പങ്കാളിത്തത്തോടെ, ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങൾ പ്രദർശിപ്പിക്കുകയും മികച്ച സമ്മാനങ്ങളുള്ള നിരവധി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. മത്സരങ്ങൾ പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് നടക്കുന്നത്. മാമ്പഴ മസൈന (സൗന്ദര്യ മത്സരം), സ്ത്രീകൾക്ക് മാത്രമായുള്ള ഏറ്റവും മനോഹരമായ മാമ്പഴ കൊട്ടക്കുള്ള മത്സരം, കുട്ടികൾക്കുള്ള മികച്ച കലാസൃഷ്ടി മത്സരം എന്നിവയാണിത്.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചുവരുന്ന പൈതൃക പരിപാടികളുടെയും മേളകളുടെയും ഭാഗമാണ് മാമ്പഴോൽവസമെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി പറഞ്ഞു. കർഷകർക്ക് സമഗ്രമായ പിന്തുണ നൽകാനും പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനുമാണ് ഫെസ്റ്റിവൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാമ്പഴ മസൈന (സൗന്ദര്യ മത്സരം)യിൽ പങ്കെടുക്കുന്നതിന് സംഘാടക സമിതി പ്രത്യേക വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർ 2024 സീസലെ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മാമ്പഴമാണ് എത്തിക്കേണ്ടത്. ഇത് പങ്കെടുക്കുന്നയാളുടെ സ്വന്തം ഫാമിൽ നിന്നോ വീട്ടിലെ തോട്ടത്തിൽ നിന്നോ ഉള്ളതായിരിക്കണം. രജിസ്ട്രേഷൻ സമയത്ത്, പങ്കെടുക്കുന്നവർ കൃഷിഭൂമിയുടെയോ വീടിൻറെയോ ഉടമസ്ഥാവകാശ രേഖകളും ഹാജരാക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് മാത്രമായുള്ള ‘മോസ്റ്റ് ബ്യൂട്ടിഫുൾ ബാസ്ക്കറ്റ്’ മത്സരത്തിനും വ്യവസ്ഥകൾ നിർദേശിച്ചിട്ടുണ്ട്.
18 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് മൽസരത്തിൽ പങ്കെടുക്കാം. കുട്ടികൾക്കുള്ള മത്സരത്തിൽ പങ്കെടുക്കുന്നവർ 8നും 12 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. കലാസൃഷ്ടി മാമ്പഴവുമായി ബന്ധപ്പെട്ടതുമായിരിക്കണം. ഓരോ കുട്ടിക്കും ഒരു കലാസൃഷ്ടിയുമായി മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ. ദിവസവും വൈകുന്നേരം 4:30 മുതൽ രാത്രി 10 വരെയാണ് ഫെസ്റ്റിവലുണ്ടാവുക. വിവിധ സാമ്പത്തിക വാണിജ്യ പരിപാടികളും പ്രവർത്തനങ്ങളും ഇതോടൊപ്പം സജ്ജീകരിക്കും.