അങ്ങനെ മാമ്പഴക്കാലം നമ്മുടെ കേരളത്തിലും വരവറിയിച്ചിരിക്കുന്നു ,അല്‍ഫോണ്‍സോ,മൂവാണ്ടന്‍,നീലം,പ്രിയൂര്‍ , എന്നിങ്ങനെ വിപണി കീഴടക്കുകയാണ് നിരവധി മാമ്പഴ ഇനങ്ങള്‍ . എന്നാല്‍ ഇവയില്‍ കൃത്രിമത്വം അടങ്ങിയിട്ടുണ്ടെങ്കിലോ? കാല്‍സ്യം കാര്‍ബൈടാണ് സാധാരണയായി മാങ്ങാ പഴുപ്പിക്കാനായി ഉപയോഗിക്കുന്നത് . ഇതിന്റെ ഉപയോഗവും വിതരണവും 2011 ല്‍ എഫ് എസ് എസ് എ ഐ നിരോധിച്ചതാണ് എങ്കിലും ഇപ്പോഴും മാങ്ങാ പഴുപ്പിക്കുന്നതിനായി ഇത് സര്‍വസാധാരണമായി ഉപയോഗിക്കുന്നു . നമ്മുടെ വിപണികളില്‍ വളരെ വിലക്കുറവിലും എളുപ്പത്തിലും ലഭിക്കുന്ന കാല്‍സ്യം കാര്‍ബൈഡ് വെല്‍ഡിങ്ങിനു ഉപയോഗിക്കുന്നതാണ് ഇത് മനുഷ്യ ശരീരത്തില്‍ എത്തുന്നത് അര്‍ബുദത്തിന് കാരണമാകും എന്ന് കണ്ടെത്തിയിട്ടുണ്ട് .
കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ ചെറിയ പായ്ക്കുകള്‍ മാങ്ങയോടൊപ്പം വയ്ക്കുന്നു ,ഈ രാസ വസ്തു ഈര്‍പ്പവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ അസെറ്റിലിന്‍ വാതകം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു , സാധാരണ രീതിയില്‍ മാങ്ങാ പഴുക്കുന്ന പ്രക്രിയയില്‍ വരുന്ന എഥിലീന്‍ വാതകത്തിനു സമാനമാണ് ഇതെന്ന് പറയപ്പെടുന്നു . ഇത്തരം രാസ വസ്തുക്കളിലെ ആര്‍സെനിക്, ഫോസ്ഫറസ് ഹൈബ്രിഡ് എന്നിവയുടെ അംശം ഛര്‍ദി , വയറിളക്കം , ചര്‍മ്മത്തിലെ അള്‍സര്‍ ,കണ്ണിനു കേടുപാടുകള്‍, ശ്വാസ തടസം തുടങ്ങി തലവേദന, തലകറക്കം , മാനസിക സമ്മര്‍ദ്ദം,ഓര്‍മ്മക്കുറവ് , സെറിബ്രല്‍ എഡിമ മുതല്‍ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ വരെ ബാധിച്ചേക്കാം .കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കഴിക്കുമ്പോള്‍ രുചിക്കുമുകളില്‍ നേരിയ എരിവുപോലെ അനുഭവപ്പെടാം ,ചില സന്ദര്‍ഭങ്ങളില്‍ ആളുകള്‍ക്കു വയറുവേദന ,വയറിളക്കം,തൊണ്ടയില്‍ പൊള്ളല്‍ എന്നിവ അനുഭവപ്പെടാം . കാല്‍സ്യം കാര്‍ബൈഡിന് പുറമെ എഥിലീന്‍ പൌഡര്‍ പോലുള്ള നിരവധി രാസവസ്തുക്കളും ഉപയോഗിക്കാറുണ്ട് .
കൃത്രിമമായി പഴുപ്പിച്ച മാങ്ങാ തിരിച്ചറിയാനായി ചില എളുപ്പ വഴികളുണ്ട്: മാമ്പഴം ഒരു ബക്കറ്റ് വെള്ളത്തിലേക്കിട്ട് നിരീക്ഷിക്കുക ,മാമ്പഴം മുങ്ങിപോവുകയാണെങ്കില്‍ അത് സ്വാഭാവികമായി പകമായതാവും അതെ സമയം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ കൃത്രിമമായി പഴുപ്പിച്ചതാണെന്ന് കരുതാം . രാസപരമായി പഴുത്ത മാങ്ങയുടെ ഉപരിതലത്തില്‍ മഞ്ഞയും പച്ചയും കലര്‍ന്ന നിറങ്ങള്‍ വേറിട്ട് നില്‍ക്കുന്നതായി കാണാം എന്നാല്‍ തനിയെ പഴുത്ത മാങ്ങകളില്‍ ഈ നിറങ്ങള്‍ കൂടി കലര്‍ന്ന വിധത്തിലാവും കാണപ്പെടുന്നത് . കൃത്രിമമായി പഴുപ്പിച്ച മാമ്പഴം മുറിക്കുമ്പോള്‍ അതിന്റെ തൊലിയോട് ചേര്‍ന്ന ഭാഗത്തിന്റെ നിറം ഉള്‍ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും . അതേസമയം സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന്റെ നിറം ഏകീകൃതമായിരിക്കും . കൂടാതെ തനിയെ പാകമായ മാമ്പഴത്തില്‍ തവിട്ട് നിറത്തിലുള്ള പാടുകള്‍ ഉണ്ട്,കൃത്രിമമായി പഴുപ്പിച്ചതാണെങ്കില്‍ വെള്ളയോ ,നീലയോ നിറത്തിലുള്ള പാടുകള്‍ കാണും ഇത്തരത്തിലുള്ള മാമ്പഴങ്ങള്‍ മേടിക്കാന്‍ പാടില്ല . തനിയെ പഴുത്ത മാമ്പഴം കൂടുതല്‍ ജ്യുസി ആയിരിക്കും . പഴങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ നന്നായി കഴുകാനും ,തൊലിപ്പുറമേ കറുത്ത പാടുകളുള്ള പഴങ്ങളൊഴിവാക്കാനും എഫ് എസ് എസ് എ ഐ നിര്‍ദ്ദേശിക്കുന്നു .