ജൂനിയർ എൻ.ടി.ആർ നായകനാവുന്ന പുതിയ ചിത്രമായ ദേവരയിലെ ‘ചുട്ടമല്ലേ’ എന്ന ഗാനം റിലീസായപ്പോൾ മുതൽ പ്രശംസയും കളിയാക്കലുകളും ഒരുപോലെ ഏറ്റുവാങ്ങുകയാണ്. പാട്ടിന്റെ ഈണവുമായി ബന്ധപ്പെട്ടാണ് ജാൻവി കപൂറിനൊപ്പമുള്ള ജൂനിയർ എൻ.ടി.ആറിന്റെ പ്രണയഗാനം ചർച്ചയായിരിക്കുന്നത്. അനിരുദ്ധ് ഈണമിട്ട ഗാനം ശുദ്ധമായ കോപ്പിയടിയാണെന്നാണ് അന്തരീക്ഷത്തിൽ ഉയരുന്ന ആരോപണം.
ശ്രീലങ്കൻ ഗായിക യൊഹാനി ആലപിച്ച് 2021-ൽ പുറത്തിറങ്ങിയ ‘മനികേ മഗേ ഹിതേ’ എന്ന വൈറൽ ഗാനവുമായുള്ള സാദൃശ്യമാണ് ദേവരയിലെ ഗാനത്തെ ചൂടുള്ള ചർച്ചാ വിഷയമാക്കിയത്. ഈ ഗാനം അനിരുദ്ധ് കോപ്പിയടിച്ചു എന്നായിരുന്നു വിമർശകരുടെ ആരോപണം. തിങ്കളാഴ്ച ഗാനം പുറത്തിറങ്ങിയപ്പോൾ നിരവധി പേർ അഭിനന്ദനങ്ങളുമായെത്തിയപ്പോൾ മറ്റൊരു വിഭാഗം അനിരുദ്ധിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ‘മനികേ മഗേ ഹിതേ’ സംഗീത സംവിധായകൻ ചമത് സംഗീത്. താൻ എല്ലായ്പ്പോഴും അനിരുദ്ധിൻ്റെ ആരാധകനാണെന്ന് ചമത് പറഞ്ഞു. തൻ്റെ ‘മനികേ മഗേ ഹിതേ’ എന്ന ഗാനം സമാനമായെരു സംഗീതം സൃഷ്ടിക്കാൻ അനിരുദ്ധിനെ പ്രചോദിപ്പിച്ചതിൽ താൻ സന്തുഷ്ടനാണെന്നും ചമത് കൂട്ടിച്ചേർത്തു. രണ്ടുഗാനങ്ങളും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മൂന്നുവർഷം മുമ്പാണ് ‘മനികേ മഗേ ഹിതേ’ യൊഹാനി ആലപിച്ച ഗാനം പുറത്തുവന്നതും വലിയതോതിൽ ശ്രദ്ധിക്കപ്പെടുന്നതും. തുടർന്ന് 2022-ൽ സിദ്ധാർത്ഥ് മൽഹോത്രയും അജയ് ദേവ്ഗണും മുഖ്യവേഷങ്ങളിലെത്തിയ താങ്ക് ഗോഡ് എന്ന ചിത്രത്തിൽ ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരുന്നു. യൊഹാനിതന്നെയായിരുന്നു ഈ ഗാനം ആലപിച്ചതും. നിലവിൽ രണ്ടുതവണ ആസ്വാദകർ കേട്ട ഗാനം വീണ്ടും ഉപയോഗിച്ചു എന്നതാണ് അനിരുദ്ധിനെതിരെ പരിഹാസങ്ങൾ ഉയരാനുള്ള കാരണം.
‘മനികേ മഗേഹിതേ’ എന്ന ശ്രീലങ്കൻ ഗാനത്തിന്റെ കവർ പതിപ്പായിരുന്നു യൊഹാനി ആലപിച്ച് പുറത്തിറക്കിയത്. ഒറിജിനൽ ഗാനത്തേക്കാൾ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. തുടർന്ന് ടി സീരീസ് ഈ ഗാനം ബോളിവുഡിൽ അവതരിപ്പിച്ചു. ഇപ്പോൾ ഇതേ ഗാനം ടി സീരീസ് തന്നെ ദേവരയ്ക്കുവേണ്ടി ‘ചുട്ടുമല്ലേ’ എന്നപേരിൽ പുറത്തിറക്കി എന്നാണ് ഒരു പ്രതികരണം.