ന്യൂഡൽഹി: മണിപ്പൂരിൽ കൂടുതൽ സൈനികരെ അയയ്ക്കാൻ കേന്ദ്ര തീരുമാനം. വിവിധ സേനകളിൽ നിന്നായി 5,000 ജവാന്മാരെ കൂടി മണിപ്പൂരിലേക്ക് അയയ്ക്കും. സംസ്ഥാനത്ത് സുരക്ഷ വെല്ലുവിളി നേരിടുന്ന സാഹചര്യം നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് അധികൃതർ പറഞ്ഞു. കലാപം ഏറ്റവും കൂടുതൽ പടർന്ന ജിരിബാം ജില്ലയിൽ സിആർപിഎഫിന്റെ 15 കമ്പനി ജവാന്മാരെയും ബിഎസ്എഫിന്റെ 5 കമ്പനി സൈനികരെയും കൂടി അയയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് ഇപ്പോഴുള്ള പുതിയ പ്രഖ്യാപനം.
ഒപ്പം 50 കമ്പനി ജവാന്മാരെയാണ് പുതുതായി സംസ്ഥാനത്താകെ വിന്യസിക്കുക. ഇതിൽ സിആർപിഎഫിൽനിന്ന് 35 കമ്പനിയും ബാക്കിയുള്ളവർ ബിഎസ്എഫിൽ നിന്നും എത്തും. നിലവിൽ 218 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥരാണ് മണിപ്പൂരിൽ ഉള്ളത്. സാധാരണ 100 മുതൽ 140 വരെ സൈനികരാണ് ഒരു കമ്പനിയിലുണ്ടാകുക. അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ഉന്നതതല യോഗം ആരംഭിച്ചു.
Also Read : ആദ്യം മദ്യശാലകൾ പൂട്ടട്ടെ, എന്നിട്ട് പാട്ട് നിർത്താം: ദില്‍ജിത്ത് ദോസാഞ്ജ്
സംഘർഷാവസ്ഥയിൽ നിലനിൽക്കുന്ന സംസ്ഥാനത്ത് ബിജെപിയിൽനിന്ന് 8 നേതാക്കൾ രാജിവച്ചു. ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള നേതാക്കളാണ് രാജിവച്ചത്. ജിരിബാമിലെയും മണിപ്പൂരിലെയും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ചാണ് നിലവിൽ രാജി. സംഘർഷം നിയന്ത്രിക്കാൻ ബിജെപി ഒന്നും ചെയ്തില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം നാഷനൽ പീപ്പിൾസ് പാർട്ടി എൻഡിഎ സർക്കാരിനുള്ള പിന്തുണയും പിൻവലിച്ചിരുന്നു.