മണിപ്പൂർ സംഘർഷം: രാഷ്ട്രപതിക്ക് കത്തയച്ച് കോൺ​ഗ്രസ്

പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രാഷ്ട്രപതിക്ക് കത്തയച്ചു

മണിപ്പൂർ സംഘർഷം: രാഷ്ട്രപതിക്ക് കത്തയച്ച് കോൺ​ഗ്രസ്
മണിപ്പൂർ സംഘർഷം: രാഷ്ട്രപതിക്ക് കത്തയച്ച് കോൺ​ഗ്രസ്

ന്യൂഡൽഹി: സംഘർഷത്തിന് അയവില്ലാത്ത മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെടണമെന്ന് കോൺ​ഗ്രസ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്നും 300-ഓളം പേർക്ക് ജീവഹാനി സംഭവിച്ചുവെന്നും കോൺ​ഗ്രസ് എഴുതിയ കത്തിൽ പറയുന്നു. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രാഷ്ട്രപതിക്ക് കത്തയച്ചു.

ഇന്ത്യൻ പ്രസിഡന്റെന്ന നിലയിലും ഭരണഘടനയുടെ സംരക്ഷക എന്ന നിലയിലും മണിപ്പുരിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം ഉറപ്പാക്കാൻ രാഷ്ട്രപതി ഉടനടി ഇടപെടേണ്ടത് അനിവാര്യമാണ്. രാഷ്ട്രപതിയുടെ ഓഫീസിന്റെ ഇടപെടൽ വഴി മണിപ്പുരിലെ ജനങ്ങൾ ഇനി അവരുടെ വീടുകളിൽ അന്തസ്സോടെ ജീവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഖാർ​ഗെ കത്തിൽ പറയുന്നു.

Also Read: ‘കൃത്രിമ മഴ’യെന്ന ആവശ്യവുമായി കേന്ദ്രാനുമതി തേടി ഡൽഹി സർക്കാർ

സംസ്ഥാനത്ത് അക്രമങ്ങൾ ശമിപ്പിക്കുന്നതിന് കേന്ദ്രസായുധസേനയുടെ 50 കമ്പനികളെക്കൂടി അയക്കാൻ തിങ്കളാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗവും ചേർന്നിരുന്നു. രണ്ടായിരത്തോളം പേരടങ്ങുന്ന 20 അധിക സി.എ.പി.എഫ്. കമ്പനികളെ സംസ്ഥാനത്ത് വിന്യസിക്കാൻ നേരത്തെ ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് 50 അധിക കമ്പനികളെ വിന്യസിക്കുന്നത്. നിലവിൽ 218 സി.എ.പി.എഫ്. കമ്പനികളുടെ സാന്നിധ്യമാണുള്ളത്. കർഫ്യൂവും ഇന്റർനെറ്റ് നിരോധനവുമേർപ്പെടുത്തിയ ഇംഫാൽ താഴ്‍വരയിൽ തിങ്കളാഴ്ച അക്രമസംഭവങ്ങൾ കുറഞ്ഞു. ഏഴുജില്ലകളിലെ ഇന്റർനെറ്റ് നിരോധനം രണ്ടുദിവസത്തേക്ക് നീട്ടി. ഇതുവരെ 13 എം.എൽ.എ.മാരുടെ വീടുകളാണ് ആക്രമണത്തിന് ഇരയായത്.

Top