മണിപ്പൂർ സംഘർഷം; സമ്മർദത്തിൽ കുഴഞ്ഞ് സംസ്ഥാന സർക്കാർ

അക്രമം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണകക്ഷികളുടെ എം.എൽ.എമാർക്ക് ‘കൊകോമി’ നേരത്തെ തന്നെ 24 മണിക്കൂർ സമയപരിധി നൽകിയിരുന്നു

മണിപ്പൂർ സംഘർഷം; സമ്മർദത്തിൽ കുഴഞ്ഞ് സംസ്ഥാന സർക്കാർ
മണിപ്പൂർ സംഘർഷം; സമ്മർദത്തിൽ കുഴഞ്ഞ് സംസ്ഥാന സർക്കാർ

ഇംഫാൽ: എല്ലാ കുക്കി-സോ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും നടപടിയെടുക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാർ. ജിരിബാമിലെ മെയ്തേയ് ദുരിതാശ്വാസ ക്യാമ്പിലെ ആറ് അന്തേവാസികളെ നവംബർ 11 ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെ തുടർന്ന് ഇംഫാൽ താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട വ്യാപകമായ രോഷം ശമിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്. അതേസമയം പ്രശ്നപരിഹാരം വൈകുന്നതിൽ കടുത്ത സമ്മർദ്ദമാണ് നിലവിൽ സർക്കാരിനുമേൽ ഉയരുന്നത്.

കുറഞ്ഞത് 256 പേരുടെ ജീവനെടുത്ത വംശീയ സംഘർഷം കൈകാര്യം ചെയ്യുന്നതിലുള്ള സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ കഴിവില്ലായ്മക്കെതിരെ നവംബർ 16 മുതൽ ഇംഫാലിലെ സ്ത്രീകൾക്ക് മാത്രമുള്ള ഐക്കണിക് മാർക്കറ്റായ ഖ്വൈരംബാൻഡ് എമ കീഥെൽസിൽ ‘കൊകോമി’ പ്രതിഷേധത്തിന് നേതൃത്വം നൽകിവരികയായിരുന്നു. ഇപ്പോഴുള്ള തീരുമാന​ത്തെ തുടർന്ന് മണിപ്പൂർ ഇന്‍റഗ്രിറ്റിയുടെ (കോകോമി) കോർഡിനേറ്റിങ് കമ്മിറ്റി നടത്തിവരുന്ന അനിശ്ചിതകാല കുത്തിയിരിപ്പ് സമരം താത്ക്കാലികമായി നിർത്തിവെച്ചു.

Also Read : യുവാവിനെതിരായ പീഡനക്കേസ് റദ്ദാക്കി സുപ്രീം കോടതി

പ്രതിഷേധം താത്ക്കാലികമായി നിർത്തിവെച്ച കൊകോമിയുടെ നീക്കത്തെ എമ മാർക്കറ്റിലെ വനിതാ കച്ചവടക്കാർ എതിർത്തതായാണ് നിലവിൽ ലഭിക്കുന്ന വിവരം. തങ്ങളുടെ ഭാവി തന്ത്രം ചർച്ച ചെയ്യാൻ ഉടൻ യോഗം ചേരുമെന്ന് അവർ പറഞ്ഞു. നവംബർ 18ന് ചേർന്ന ഭരണകക്ഷിയായ എൻ.ഡി.എ എം.എൽ.എമാരുടെ യോഗമാണ് ഈ പ്രമേയം അംഗീകരിച്ചത്. അക്രമം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭരണകക്ഷികളുടെ എം.എൽ.എമാർക്ക് ‘കൊകോമി’ നേരത്തെ തന്നെ 24 മണിക്കൂർ സമയപരിധി നൽകിയിരുന്നു. ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് ‘അഫ്‌സ്പ’ പിൻവലിക്കാൻ ശുപാർശ ചെയ്യാനും കൊലപാതകങ്ങളിൽ ഉൾപ്പെട്ട തീവ്രവാദ സംഘടനകളെ ഏഴ് ദിവസത്തിനുള്ളിൽ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും അന്വേഷണചുമതല എൻ.ഐ.എയെ ഏൽപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനവും എം.എൽ.എമാർ അംഗീകരിച്ചു.

Top