വംശീയ കലാപത്തെ തുടര്‍ന്ന് 2023 മേയ് മൂന്നിനുശേഷം അശാന്തമായ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ശക്തിപ്രാപിക്കുകയാണ്. അത്യാധുനിക റോക്കറ്റുകളും ബോംബുകളും നിറഞ്ഞ് സംഘര്‍ഷഭൂമിയായി മാറിയ മണിപ്പൂര്‍, കലാപത്തിന്റെ ഇരുണ്ട നാളുകള്‍ക്ക് ഒരിക്കല്‍ക്കൂടി സാക്ഷിയാകുന്നു. അക്രമങ്ങള്‍ വര്‍ദ്ധിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഇരുട്ടിന്റെ മറവില്‍ ആയുധധാരികളായ കുക്കി വിഭാഗക്കാര്‍ ജിരിബാം ജില്ലയിലെ നുങ്ചെപി ഗ്രാമത്തില്‍ ആക്രമണം നടത്തുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന മെയ്തെയ് സമുദായത്തില്‍പ്പെട്ട ആളെ വെടിവച്ച് കൊന്നത് അക്രമത്തെ വീണ്ടും ആളിക്കത്തിച്ചു. ഇതാണ് മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ രണ്ടാംഭാഗത്തിന്റെ തീപ്പൊരി.
ജിരിബാമില്‍ സംഘര്‍ഷം തടയുന്നതിനും സാധാരണനില പുനഃസ്ഥാപിക്കുന്നതിനുമായി വിവിധ സമുദായ പ്രതിനിധികള്‍ തമ്മില്‍ ധാരണയിലെത്തിയത് ഏതാണ്ട് ഒരുമാസം മുമ്പായിരുന്നു. ആറുമാസത്തിനുള്ളില്‍ മേഖലയില്‍ സമാധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും മണിപ്പൂര്‍ അശാന്തമായിരിക്കുന്നത്. ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ ഭിന്നിപ്പ് മാറ്റിയെടുക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഇനിയും സാധിച്ചിട്ടില്ലെന്നത് വ്യക്തമാക്കുന്നതാണ് മണിപ്പൂരില്‍ തുടരുന്ന അക്രമസംഭവങ്ങള്‍.
മണിപ്പൂര്‍ കലാപം ആരംഭിച്ചതിനുശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി റോക്കറ്റ് ആക്രമണമുണ്ടാകുന്നത്. കുക്കി വിഭാഗം നടത്തിയ ലോംഗ് റേഞ്ച് റോക്കറ്റാക്രമണത്തില്‍ മൊയ്‌റാംഗ് പട്ടണത്തിലെ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ) മ്യൂസിയം ലക്ഷ്യമിട്ടും ആക്രമണം നടന്നു. ഇത് പതിച്ചതാകട്ടെ മണിപ്പൂരിന്റെ ആദ്യ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലാണ്. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂര്‍ ജില്ലയിലെ കുന്നുകളില്‍ നിന്നും നിരവധി റോക്കറ്റ് ആക്രമണങ്ങളും നടന്നതായാണ് റിപ്പോര്‍ട്ട്. ഇരു വിഭാഗത്തിന്റെയും കൈവശം മാരകായുധങ്ങളും എന്തിനും സജ്ജമായ ആള്‍ബലവുമുണ്ട്. സംഘര്‍ഷ മേഖലയിലേക്ക് കടന്നുചെല്ലാന്‍ പോലീസിനോ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കോ പോലും കഴിയുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
ജനങ്ങള്‍ക്കിടയിലെ ഭിന്നത ആളിക്കത്താതെ നോക്കേണ്ടത് അതത് സര്‍ക്കാരുകളുടെ കൂടി ചുമതലയാണ്. എന്നാല്‍ മണിപ്പൂരില്‍ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനമുള്ളവരാണ് മെയ്തെയ് വിഭാഗം. ജനസംഖ്യയുടെ 53 ശതമാനം ഇവരാണ്. മെയ്തെയ് വിഭാഗത്തിന് പട്ടികവര്‍ഗ സംവരണം അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് മണിപ്പൂരിലെ അക്രമസംഭവങ്ങളുടെ തുടക്കം. 2023 മേയ് മൂന്നിനാണു മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം ആരംഭിക്കുന്നത്. ചുരാചന്ദ്പൂരില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ പ്രകടനത്തില്‍ നുഴഞ്ഞുകയറിയ ചിലരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് കലാപം പടര്‍ന്നുപിടിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വംശീയമായി കുക്കികളെ ഇല്ലാതാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
മെയ്‌തെയ് വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യം ശക്തമായതോടെ മണിപ്പൂര്‍ നിന്നുകത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ആയിരക്കണക്കിനാളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ചേരിതിരിഞ്ഞ പ്രക്ഷോഭകാരികള്‍ വീടുകള്‍ ഉള്‍പ്പെടെ അഗ്നിക്കിരയാക്കിയതും സ്ത്രീത്വം തെരുവുകളില്‍ നഗ്നമാക്കപ്പെട്ടതും കണ്ട് രാജ്യം അമ്പരന്നു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തികളിലുള്‍പ്പെടെ സംഘര്‍ഷം രൂക്ഷമായിരുന്നു. വലിയതോതില്‍ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടും ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഏറെ അധ്വാനിക്കേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും കലാപം ഉടലെടുത്തിരിക്കുന്നത് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയര്‍ത്തുന്നത്.
കുക്കി- സോമി ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ പോപ്പി കര്‍ഷകരെന്നും അനധികൃത കുടിയേറ്റക്കാരെന്നും തുടങ്ങിയ ആരോപണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കിയതായ ആരോപണവും ശക്തമാണ്. മണിപ്പൂരിന്റെ കാര്യത്തില്‍ ഏകപക്ഷീയമായ നിലപാടുകള്‍ മാത്രം കൈകൊണ്ട സംസ്ഥാന സര്‍ക്കാര്‍ ഗോത്രവിഭാഗത്തെ നിരായുധീകരിക്കുകയും ഇന്റര്‍നെറ്റ് അടക്കമുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ റദ്ദാക്കി കലാപത്തിന് മൗനാനുവാദം നല്‍കുകയും ചെയ്തതിന് നിരവധി തെളിവുകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ രൂക്ഷമായ ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, തൗബല്‍ ജില്ലകളില്‍ നിലവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഒരു സംസ്ഥാനം വംശീയ കലാപത്തില്‍ എരിയുമ്പോള്‍ സമാധാന നടപടികള്‍ക്ക് മുന്‍കൈ എടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണ്. കലാപം ആരംഭിച്ചശേഷം ഇതുവരെയായി ഇരുവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നതും മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ പൂര്‍ണ പരാജയത്തെയാണ് തുറന്നുകാണിക്കുന്നത്. സര്‍ക്കാരിന്റെ പരാജയം അടുത്തിടെ മുഖ്യമന്ത്രി തന്നെ തുറന്നുപറഞ്ഞതും നമ്മള്‍ കേട്ടതാണ്. രാജ്യാന്തരതലത്തില്‍ മണിപ്പൂര്‍ ചര്‍ച്ചാവിഷയമായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പോലും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാനോ ഒരക്ഷരം പോലും മിണ്ടാനോ തയ്യാറായിരുന്നില്ല. സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നതിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് മണിപ്പൂരിനെ മോദി ഓര്‍ക്കുന്നതുതന്നെ. മണിപ്പൂര്‍ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുകയാണെന്നും രാജ്യവും ജനങ്ങളും മണിപ്പൂരിനൊപ്പമാണെന്നുമായിരുന്നു പ്രധാനമന്ത്രി അന്ന് പറഞ്ഞത്.
മണിപ്പൂര്‍ ജനതയ്ക്കിടെ ഇതിനോടകം ശത്രുതയും പകയും അതിര് നിശ്ചയിച്ചു കഴിഞ്ഞു. മാരകായുധങ്ങള്‍ ഇരു വിഭാഗങ്ങളുടെയും കൈവശമുണ്ട്. താഴ്വരയിലും കുന്നുകളിലും പതിയിരിക്കുന്ന അക്രമിസംഘത്തെ നിരായുധരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നതില്‍ സംശയമില്ല. സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നതോടെ സുരക്ഷാസേന ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടുവിഭാഗങ്ങളുടെ വൈര്യത്തില്‍ എരിഞ്ഞടങ്ങുക ഒരു സംസ്ഥാനമാണ്. മണിപ്പൂരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് ആരാണെന്നും എന്തിനാണെന്നും ഇനിയെങ്കിലും തിരിച്ചറിയേണ്ടത് തന്നെയാണ്.