മുംബൈ: ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും ഒന്നിക്കുന്ന ചിത്രമായ ദിൽ സേ അതിൻ്റെ 26-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, 1998-ലെ ഹിറ്റിനു ശേഷം മനീഷ കൊയ്‌രാളയും ഷാരൂഖ് ഖാനും വീണ്ടും ഒരുമിച്ച് സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് മനീഷ കൊയ്‌രാള. സൂമിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷ ഇത് പറഞ്ഞത്. ദിൽ സേയ്ക്ക് മുന്‍പ് ഗുഡ്ഡു എന്ന സിനിമയിൽ ഷാരൂഖുമായി താന്‍ പ്രവർത്തിച്ചുവെന്ന് മനീഷ പറഞ്ഞു, പക്ഷേ അത് അത്ര അറിയപ്പെടുന്ന പടം ആയിരുന്നില്ല. “സിനിമ ലോകത്ത് ആരുടെ കൂടെ അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് നായകന്മാരാണ്, നായികമാരല്ല” എന്നായിരുന്നു മനീഷിയുടെ ഷാരൂഖുമായുള്ള ചിത്രം എന്തുകൊണ്ട് ചെയ്തില്ല എന്ന ചോദ്യത്തിനുള്ള മറുപടി.
അടുത്തിടെ മറ്റൊരു അഭിമുഖത്തില്‍ തൊണ്ണൂറുകളിൽ ബോളിവുഡിലെ വനിതാ അഭിനേതാക്കൾ നേരിട്ട ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വെളിപ്പെടുത്തിയിരുന്നു മനീഷ കൊയ്‌രാള. ബോളിവുഡിലെ അക്കാലത്തെ മോശം കാര്യങ്ങള്‍ തുറന്നുപറഞ്ഞ നടി. ഒരു മുതിര്‍ന്ന ഫോട്ടോഗ്രാഫറുമായി താന്‍ നടത്തിയ ഏറ്റുമുട്ടലും വിവരിച്ചു.
ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഫോട്ടോഷൂട്ടിന് ബിക്കിനി ധരിക്കാൻ വിസമ്മതിച്ചതിന് മുതിർന്ന ഫോട്ടോഗ്രാഫർ തന്നോട് കയര്‍ത്തത് മനീഷ വെളിപ്പെടുത്തിയത്.“കരിയറിന്‍റെ തുടക്കത്തിൽ ഒരു പോര്‍ട്ട് ഫോളിയോ തയ്യാറാക്കാന്‍ ഫോട്ടോകള്‍ എടുക്കാന്‍ ഞാന്‍ പോയി. അമ്മയോടൊപ്പമാണ് ആ പ്രശസ്ത ഫോട്ടോഗ്രാഫറുടെ അടുത്ത് പോയത്. ആദ്യം തന്നെ നീയാണ് അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ ആ ഫോട്ടോഗ്രാഫർ പറഞ്ഞു. പിന്നീട് ഒരു ഒരു ടു പീസ് ബിക്കിനി എനിക്ക് നല്‍കി അത് ധരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അയാളോട് പറഞ്ഞു, ‘സാർ, ഞാൻ ബീച്ചിൽ പോകുമ്പോഴോ നീന്താൻ പോകുമ്പോഴോ ഇത് ധരിക്കുക. സിനിമയില്‍ ആവശ്യമാണെങ്കില്‍ ധരിക്കും. ഇപ്പോള്‍ എനിക്ക് ഇത് വേണ്ട, ഞാൻ അത് ധരിക്കില്ല’ എന്ന് പറഞ്ഞു.
വസ്ത്രം കുറച്ച് ഫോട്ടോ എടുക്കേണ്ടെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അയാള്‍ ദേഷ്യപ്പെട്ട് കുറേ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അയാള്‍ അതിന് ശേഷം പറഞ്ഞ ഡയലോഗ് എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ‘കളിമണ്ണില്‍ കൈവയ്ക്കാതെ എങ്ങനെ ശില്‍പ്പം ഉണ്ടാക്കും’ എന്ന്. എല്ലാവരുമല്ല, ചിലരുടെ മാനസികാവസ്ഥ അന്ന് അങ്ങനെയായിരുന്നു. ഞാൻ പിന്നീട് സിനിമയില്‍ കഴിവ് തെളിയിച്ചപ്പോള്‍ ഇതേ വ്യക്തി ഫോട്ടോ എടുക്കാന്‍ വന്നു ‘നിങ്ങൾ ഒരു വലിയ താരമാകുമെന്ന് എനിക്കറിയാമായിരുന്നു’ എന്ന് അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് മോശമായി പെരുമാറിയില്ല. അയാളുടെ അന്നത്തെ അവസ്ഥ അതായിരിക്കാം എന്ന് കരുതിയെന്ന് മനീഷ പറഞ്ഞു.