കോലിയുടെ ഫോമില്‍ ആശങ്ക വേണ്ടെന്ന് വിവാദങ്ങളോട് പ്രതികരിച്ച് മഞ്ജ്‌രേക്കര്‍

കോലിയുടെ ഫോമില്‍ ആശങ്ക വേണ്ടെന്ന് വിവാദങ്ങളോട് പ്രതികരിച്ച് മഞ്ജ്‌രേക്കര്‍

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന്റെ ഫൈനലായിട്ടും ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാത്ത മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫോമിനെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജ്‌രേക്കര്‍.

ഒരാളുടെ മാത്രം പ്രകടനമല്ല ജയ-പരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്നും ടീമിന്റെ ഒന്നാകെയുള്ള പരിശ്രമമാണ് പ്രധാനമെന്നും മഞ്ജ്‌രേക്കര്‍ പറയുന്നു. കോഹ്ലിയുടെ ഫോമിനേക്കുറിച്ച് ആശങ്കയില്ല, കാരണം ടീമിന്റെ ഫോമാണ് വളരെ പ്രധാനം. വളരെ മികച്ച ടീം ഗെയിമാണ് ഓരോ മത്സരത്തിലും ഇന്ത്യ കാഴ്ചവെക്കുന്നത്. തീര്‍ച്ചയായും ഇത്തവണ ഇന്ത്യ കിരീട ജേതാക്കളാകും. എന്നാല്‍ ദക്ഷിണാഫ്രിക്കയും മോശമല്ല, അവരുടെ ഓപണര്‍ ക്വിന്റന്‍ ഡികോക്കിനും പേസര്‍മാരായ ആന്റിച് നോര്‍ജെ, കഗിസോ റബാദ എന്നിവര്‍ക്കും ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞേക്കുമെന്നും മഞ്ജ്‌രേക്കര്‍ പറഞ്ഞു.

ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്ത കോഹ്ലി, ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി ഓറഞ്ച് ക്യാപ് നേടിയിരുന്നു. ചാംപ്യന്‍ഷിപ്പില്‍ 741 റണ്‍സ് അടിച്ചെടുത്ത താരം ലോകകപ്പില്‍ ഈ പ്രകടനത്തിന്റെ ഏഴയലത്തു പോലും എത്താതിരുന്നതോടെയാണ് വിമര്‍ശനമുയര്‍ന്നത്.

ഏഴ് മത്സരങ്ങളില്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടും മികവ് തെളിയിക്കുന്ന ഒരു പ്രകടനം പോലും താരത്തില്‍നിന്ന് ഉണ്ടായിട്ടില്ല. 10.71 ശരാശരിയില്‍ 75 റണ്‍സാണ് സമ്പാദ്യം.

എന്നാല്‍ കോഹ്ലിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ക്യാപ്റ്റന്‍ രോഹിത് പ്രതികരിച്ചത്. ഫൈനലില്‍ കോലിയെ കളിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍, പ്ലേയിങ് ഇലവനില്‍ മറ്റെന്തെങ്കിലും മാറ്റം കൊണ്ടുവരുമോ എന്നത് കാത്തിരുന്നു കാണണം. മധ്യനിരയില്‍ ശിവം ദുബെയെ മാറ്റി മലയാളി താരം സഞ്ജു സാംസണെയോ യശസ്വി ജയ്‌സ്വാളിനെയോ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. റിങ്കു സിങ്ങിനെയും ഇതുവരെ പരീക്ഷിക്കാന്‍ മാനേജമെന്റ് തയാറായിട്ടില്ല.

Top