CMDRF

കർക്കശക്കാരൻ, ക്രിമിനലുകളുടെ പേടി സ്വപ്നം… മനോജ് എബ്രഹാമിൻ്റേത് സിനിമയെ വെല്ലുന്ന ജീവിതം

ഗുണ്ടകള്‍ അരങ്ങുവാണ കൊച്ചി നഗരത്തില്‍ കമ്മീഷണറായിരിക്കെ സ്വീകരിച്ച നടപടികളും ഏറെ ശ്രദ്ധേയമാണ്

കർക്കശക്കാരൻ, ക്രിമിനലുകളുടെ പേടി സ്വപ്നം… മനോജ് എബ്രഹാമിൻ്റേത് സിനിമയെ വെല്ലുന്ന ജീവിതം
കർക്കശക്കാരൻ, ക്രിമിനലുകളുടെ പേടി സ്വപ്നം… മനോജ് എബ്രഹാമിൻ്റേത് സിനിമയെ വെല്ലുന്ന ജീവിതം

സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മനോജ് എബ്രഹാം നിയമിതനായിരിക്കുകയാണ്. വിവാദങ്ങളില്‍പ്പെട്ട് കിടക്കുന്ന സംസ്ഥാന പൊലീസിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന തീരുമാനമാണിത്. സാധാരണ പൊലിസുകാര്‍ മുതല്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വരെ ശക്തമായ സ്വാധീനമുള്ള ഐ.പി.എസ് ഓഫീസറായാണ് മനോജ് എബ്രഹാം അറിയപ്പെടുന്നത്.

ഈ വർഷം അവസാനം മനോജ് എബ്രഹാമിന് ഡി.ജി.പിയായി ഉദ്യോഗ കയറ്റം ലഭിക്കും. അതുവരെ അദ്ദേഹം ക്രമസമാധന ചുമതലയിൽ തുടരും. ഇതിനു ശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവി ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ തന്ത്ര പ്രധാനമായ തസ്തികയിലേക്ക് മനോജ് എബ്രഹാമിനെ മാറ്റുമെന്നാണ് സൂചന.

ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സമയത്ത്, സംഘര്‍ഷ മേഖലകളില്‍ പൊലീസ് നടപടികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പദവി നോക്കാതെ സാധാരണ പൊലീസുകാര്‍ക്കൊപ്പം ഫീല്‍ഡില്‍ ഇറങ്ങി നേതൃത്വം കൊടുത്ത ചരിത്രമാണ് ഈ ഐ.പി.എസ്. ഓഫീസര്‍ക്കുള്ളത്. കണ്ണൂരില്‍ രാഷ്ട്രീയ കലാപം കത്തി നിന്ന കാലഘട്ടത്തില്‍ കണ്ണൂര്‍ എസ്.പിയായി പ്രത്യേകം നിയോഗിക്കപ്പെട്ട മനോജ് എബ്രഹാം ആ ആക്രമണങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചിരുന്നത്.

Manoj Abraham

ഗുണ്ടകള്‍ അരങ്ങുവാണ കൊച്ചി നഗരത്തില്‍ കമ്മീഷണറായിരിക്കെ സ്വീകരിച്ച നടപടികളും ഏറെ ശ്രദ്ധേയമാണ്. അക്രമികളോടും ഗുണ്ടകളോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മനോജ് എബ്രഹാം തിരുവനന്തപുരം കമ്മീഷണറായിരിക്കെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എം.ജി കോളജില്‍ പൊട്ടി പുറപ്പെട്ട സംഘര്‍ഷം ഒടുവില്‍ പുറത്ത് നിന്നും വന്ന അക്രമികള്‍ പൊലീസിനു നേരെ ബോംബെറിയുന്ന സാഹചര്യം ഉണ്ടാവുകയും സി.ഐയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ, മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പൊലീസ് ഇരച്ച് കയറിയാണ് അക്രമികളെ കൈകാര്യം ചെയ്തിരുന്നത്.

ഇത് തടയാന്‍ അന്നത്തെ റേഞ്ച് ഐ.ജി ടി.പി സെന്‍കുമാര്‍ നേരിട്ട് കാമ്പസില്‍ എത്തുന്നതും, കമ്മീഷണറുടെ ഉത്തരവ് പ്രകാരം അക്രമികളെ കൈകാര്യം ചെയ്യുന്ന ഒരു പൊലിസുകാരനെ കുത്തിന് പിടിക്കുന്നതും ഏറെ വിവാദമായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോഴും യൂട്യൂബില്‍ ഉണ്ട്. അന്ന് താന്‍ അവിടെ ചെന്നില്ലായിരുന്നു എങ്കില്‍ മനോജ് എബ്രഹാമിനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും പറ്റില്ലായിരുന്നു എന്നാണ് സെന്‍കുമാര്‍ തന്നെ പിന്നീട് തുറന്നു പറഞ്ഞിരുന്നത്.

Manoj Abraham with Pinarayi Vijayan

കമ്മീഷണര്‍ സിനിമയില്‍ സുരേഷ് ഗോപി പറഞ്ഞതു പോലെ ‘കാക്കിക്ക് നൊന്താല്‍ അത് കണ്ട് നില്‍ക്കുന്ന’ ഓഫീസറല്ല മനോജ് എബ്രഹാം. ഇതും മറ്റ് ഓഫീസര്‍മാരില്‍ നിന്നും മനോജ് എബ്രഹാമിനെ വ്യത്യസ്തനാക്കുന്ന ഘടകമാണ്. 1994-ബാച്ചിലെ ഐ.പി.എസ് ഓഫീസറായ മനോജ് എബ്രഹാം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഇനിയും ഏഴ് വര്‍ഷം അദ്ദേഹത്തിന് സര്‍വ്വീസ് ബാക്കിയുണ്ട്.

അടൂര്‍, കാസര്‍ഗോഡ് സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമാരായി ആയിരുന്നു ആദ്യ നിയമനങ്ങള്‍. 1998ല്‍ സ്ഥാനക്കയറ്റം ലഭിച്ചശേഷം പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും എസ്പിയായി നിയമനം ലഭിച്ചു. തുടര്‍ന്ന് നാല് വര്‍ഷത്തേക്ക് കണ്ണൂരിലും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി കേരള പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും പ്രവര്‍ത്തിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും പോലീസ് കമ്മീഷണറായും തിരുവനന്തപുരം റേഞ്ച് ഐജി, പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി, വിജിലന്‍സ് എ.ഡി.ജി.പി, സംസ്ഥാന ഇന്റലിജന്‍സ് മേധാവി തുടങ്ങിയ തസ്തകളിലും മികച്ച പ്രവര്‍ത്തനമാണ് മനോജ് എബ്രഹാം കാഴ്ചവച്ചിരുന്നത്.

Staff Reporter

Top