കന്‍വാര്‍ തീര്‍ത്ഥാടന വഴികളില്‍ ഭിന്നിപ്പിന്റെ ‘മന്ത്രം’ ഉയരാന്‍ പാടില്ല, ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്

കന്‍വാര്‍ തീര്‍ത്ഥാടന വഴികളില്‍ ഭിന്നിപ്പിന്റെ ‘മന്ത്രം’ ഉയരാന്‍ പാടില്ല, ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്
കന്‍വാര്‍ തീര്‍ത്ഥാടന വഴികളില്‍ ഭിന്നിപ്പിന്റെ ‘മന്ത്രം’ ഉയരാന്‍ പാടില്ല, ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്

ജൂതരെല്ലാം കടകളുടെ പുറത്ത് ദാവീദിന്റെ നക്ഷത്രം പ്രദര്‍ശിപ്പിക്കണമെന്ന നാസി ചക്രവര്‍ത്തിയുടെ കഥയ്ക്ക് സമാനമാണ് യുപിയിലെ അവസ്ഥ. തീവ്രദേശീയതയെ ഉണര്‍ത്തി അപരത്വത്തെ നിര്‍മിക്കുന്ന വലതുപക്ഷ ഭരണകൂടത്തിന്റെ പ്രവര്‍ത്തികള്‍ ഇതാദ്യമായല്ല. പേര് ചോദിച്ച് മതം പറയിക്കുന്ന വര്‍ഗീയ കുതന്ത്രമാണ് കന്‍വാറിലെ രാഷ്ട്രീയം പറയുന്നത്. ഉള്ളിക്കറി വിളമ്പിയതിന്റെ പേരില്‍ പോലും ഹിന്ദുത്വശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടിയ ചരിത്രം നമുക്ക് പറയാനുണ്ട്.കന്‍വാര്‍ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശിവഭക്തര്‍ പതിറ്റാണ്ടുകളായി നടത്തിവരുന്ന തീര്‍ത്ഥാടനമാണ് കാന്‍വര്‍ യാത്ര അഥവാ കാവടി യാത്ര.

ശ്രാവണമാസത്തില്‍ ശിവഭക്തര്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളില്‍ നിന്ന് ഗംഗാ നദിയിലെ ജലം ശേഖരിച്ച് ശിവക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്നതാണ് കന്‍വാര്‍ യാത്ര. അന്നൊന്നുമില്ലാതിരുന്ന കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടാക്കി യാത്രയില്‍ വര്‍ഗീയ വിഭജനത്തിന്റെ വിഷം കലര്‍ത്തുകയാണ് യോഗി ആദിത്യനാഥിന്റെ യുപി സര്‍ക്കാര്‍. യാത്ര കടന്നുപോകുന്ന വഴികളിലുടനീളം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലെ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകള്‍ എഴുതിവയ്ക്കണമെന്ന വിചിത്ര നിര്‍ദേശമാണ് യുപി ഗവണ്‍മെന്റ് പുറപ്പെടുവിച്ചത്. ഉത്തരവ് വിവാദമായിട്ടും യോഗി സര്‍ക്കാര്‍ ഇത് നടപ്പാക്കാനാണ് ശ്രമിച്ചത്.

യുപിയുടെ ചുവടുപിടിച്ച് മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും പേരെഴുതിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. നൂറുകണക്കിന് ആളുകളുടെ ഉപജീവനത്തെ ബാധിക്കുന്നതാണ് വിവാദ ഉത്തരവ്. ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടെന്ന തീര്‍പ്പിലേക്ക് നീതിപീഠമെത്തിയപ്പോള്‍ അത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് നേര്‍ക്കുള്ള പ്രഹരം കൂടിയായി.ഭക്ഷണശാലകളുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ട യാതൊരു നിയമവും രാജ്യത്ത് നിലനില്‍ക്കുന്നില്ലാ എന്നിരിക്കെയാണ് യോഗിയുടെ പോലീസിന്റെ ഗുണ്ടാവിളയാട്ടം.

ഭക്ഷണശാലകള്‍ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിറക്കാന്‍ പോലീസ് കമ്മീഷണര്‍മാര്‍ക്ക് എന്തധികാരമാണ് ഉള്ളതെന്നും പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യന്‍ ഭരണഘടനയുടെ തുല്യതയ്ക്കും വിവേചനത്തിനും എതിരായ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന 14,15 അനുച്ഛേദങ്ങളുടെ ലംഘനം കൂടിയാണ് കന്‍വാര്‍ യാത്രയുടെ പേരില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കണ്ടത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങള്‍ക്കായി മറ്റ് മതവിഭാഗത്തില്‍ പെട്ടവരെ തീണ്ടാപ്പാടകലെ നിര്‍ത്തുമ്പോള്‍ വര്‍ഗീയധ്രുവീകരണത്തിന്റെ അഴുക്ക് ഭാണ്ഡമാണ് തുറക്കപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ പോലീസായിരുന്നു കന്‍വാര്‍ യാത്ര നടക്കാനിരിക്കെ കടയുടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത്. പിന്നീട് ഈ ഉത്തരവ് സംസ്ഥാന വ്യാപകമാകുകയായിരുന്നു. മുസ്ലിങ്ങള്‍ തങ്ങളുടെ കടകള്‍ക്ക് ഹിന്ദു ദേവതകളുടെയും ദൈവങ്ങളുടെയും പേരുകള്‍ ഇടരുതെന്ന് മുസാഫര്‍നഗര്‍ എംഎല്‍എ യും മന്ത്രിയുമായ കപില്‍ദേവ് അഗര്‍വാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പോലീസിന്റെ അറിയിപ്പ് എന്നതും ഇടുങ്ങിയ മനോവ്യാപാരത്തിന്റെ രാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കുന്നു.

മുസാഫര്‍ നഗര്‍ പോലീസിന്റെ ഉത്തരവിനെ അനുകൂലിച്ചുകൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത് വന്നതോടെയാണ് വിഷയം വിവാദത്തിലേക്കെത്തിയത്. യുപി സര്‍ക്കാരിന്റെ വിചിത്ര ഉത്തരവ് സുപ്രീംകോടതി താല്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ഐഡന്റിറ്റി വെളിപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് നടത്താന്‍ ശ്രമിക്കുന്ന ബിജെപിയുടെ കുടില നീക്കത്തിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപക എതിര്‍പ്പാണ് ഉയര്‍ന്നത്. കാവടിയാത്ര സുഗമമാക്കി തീര്‍ത്ഥാടകരുടെ വിശ്വാസവിശുദ്ധി കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു യുപി സര്‍ക്കാരിന്റെ ന്യായവാദം.

എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മതവിദ്വേഷം പരത്താനുമുള്ള ബിജെപി സര്‍ക്കാര്‍ ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. ബിജെപി യുടെ ഭരണശേഷം രാജ്യവ്യാപകമായി നടക്കുന്ന വര്‍ഗീയ രാഷ്ട്രീയം നിരന്തരമായുള്ള മതധ്രുവീകരണത്തിന്റെ പുതിയ മേഖലകളുടെ തുറവി കൂടിയാണ്. ഭക്ഷണത്തിന്റെ പേരില്‍ പോലും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മതാന്ധതയുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ നേര്‍ക്കാഴ്ചകളാണ്. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും വഴികളില്‍ പോലും ഭിന്നിപ്പിന്റെ മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വവും ഐക്യവും ആര് ഉറപ്പാക്കും?

Top