ചെന്നൈ: പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ ഇരട്ട വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ താരമാണ് മനു ഭാക്കർ. ഇപ്പോൾ ഷൂട്ടിങ്ങിൽ മാത്രമല്ല ഡാൻസിലും ഒരുകൈ നോക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് മനു. വേദിയിൽ നൃത്തം ചെയ്യുന്ന താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചെന്നൈ നോളമ്പൂരിലെ ഒരു ഗേൾസ് സ്‌കൂളിൽ നടന്ന അനുമോദനചടങ്ങിലാണ് വിദ്യാർത്ഥികൾക്കൊപ്പം മനു വേദിയിൽ നൃത്തം ചെയ്യുന്നത്. ‘കാലാ ചശ്മ’ എന്ന പ്രശസ്ത ബോളിവുഡ് ഗാനത്തിനാണ് മനു ചുവടുവെക്കുന്നത്. 2016ൽ പുറത്തിറങ്ങിയ ‘ബാർ ബാർ ദേഖോ’ എന്ന കത്രീന കൈഫ്- സിദ്ധാർത്ഥ് മൽഹോത്ര ചിത്രത്തിലെ ഹിറ്റ് ഗാനമാണിത്. പാരിസ് ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ കഴിവ് തെളിയിച്ച മനുവിന്റെ നൃത്തവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഒളിംപിക്‌സ് സമാപന ചടങ്ങിൽ ഹോക്കി ഇതിഹാസം പി ആർ ശ്രീജേഷിനൊപ്പം ഇന്ത്യൻ പതാകയേന്തി നാട്ടിൽ തിരിച്ചെത്തിയ മനുവിന് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾസിലാണ് മനു ആദ്യം മെഡൽ നേടിയത്. പാരിസിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടമായിരുന്നു ഇത്. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൽസിൽ മിക്‌സഡ് ഇനത്തിൽ സരബ്‌ജോത് സിംഗ്-മനു ഭാക്കർ സഖ്യവും വെങ്കല മെഡൽ സ്വന്തമാക്കി. ഒളിംപിക്‌സ് ഷൂട്ടിങ്ങിൽ 12 വർഷത്തിന് ശേഷമാണ് ഇന്ത്യ മെഡൽ നേടുന്നത്.