CMDRF

മാനുവല്‍ നൂയര്‍ ഇനിയില്ല; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ച് താരം

മാനുവല്‍ നൂയര്‍ ഇനിയില്ല; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ച് താരം
മാനുവല്‍ നൂയര്‍ ഇനിയില്ല; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന്‌ വിരമിച്ച് താരം

ബെര്‍ലിന്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ ഗോള്‍കീപ്പപ്പറും മുന്‍ ക്യാപ്റ്റനുമായ മാനുവല്‍ നൂയര്‍. 15 വര്‍ഷത്തെ കരിയറിനാണ് അന്ത്യമാവുന്നത്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈകാരിക കുറിപ്പ് പങ്കുവെച്ചാണ് വിരമിക്കല്‍ അറിയിച്ചത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ജര്‍മനിയുടെ ഒന്നാംനമ്പര്‍ ഗോള്‍കീപ്പറായ താരം രാജ്യത്തിനായി 124 മത്സരങ്ങള്‍ കളിച്ചു. 2014 ലോകകപ്പ് കിരീടം നേടിയ ജര്‍മന്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. നൂയറിന്റെ ക്യാപ്റ്റന്‍സിയില്‍ 2018, 2022 ലോകകപ്പുകളില്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി.

‘എപ്പോഴെങ്കിലും ഈ ദിവസം വരേണ്ടതായിരുന്നു. ഇന്ന്, എന്റെ ജര്‍മന്‍ ദേശീയ ടീമുമായുള്ള കരാര്‍ അവസാനിക്കുന്നു. ഈ തീരുമാനം എനിക്ക് എളുപ്പമായിരുന്നില്ല എന്ന് എന്നെ അറിയാവുന്ന എല്ലാവര്‍ക്കുമറിയാം’ -നൂയര്‍ പങ്കുവെച്ചു. സ്വന്തം നാട്ടില്‍ നടന്ന ഇക്കഴിഞ്ഞ യൂറോ കപ്പില്‍ സ്‌പെയിനിനെതിരെയാണ് അവസാനമായി കളിച്ചത്. ക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായി.

‘എന്നെ അറിയാവുന്ന എല്ലാവര്‍ക്കുമറിയാം, ഈ തീരുമാനം എനിക്ക് എളുപ്പമായിരുന്നില്ലെന്ന്. ശാരീരികമായി ഇപ്പോഴും നല്ല ക്ഷമത തോന്നുന്നു. യു.എസ്.എ., കാനഡ, മെക്‌സിക്കോ രാജ്യങ്ങളില്‍ നടക്കുന്ന 2026 ലോകകപ്പ് എന്നെ വളരെ ആകര്‍ഷിക്കുന്നു. അതേസമയംതന്നെ, ഈ തീരുമാനം കൈക്കൊള്ളാനും ഭാവിയില്‍ എഫ്സി ബയേണ്‍ മ്യൂണിക്കില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് ബോധ്യമുണ്ട്.

എന്നെ രൂപപ്പെടുത്തിയ മഹത്തായ കാലത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. 2014-ല്‍ ലോകകപ്പ് നേടിയതിലും ഈവര്‍ഷം സ്വന്തം തട്ടകത്തില്‍ നടന്ന യൂറോ കപ്പിന്റെ ഭാഗമായതിലും ഞാന്‍ അതീവ നന്ദിയുള്ളവനാണ്. 2023 വരെ ജര്‍മന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനാവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ജര്‍മന്‍ ദേശീയ ടീമിന്റെ ജഴ്‌സി ധരിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.’- നൂയര്‍ പറഞ്ഞു.

Top