CMDRF

ഇസ്മായിൽ ഹനിയ വധം: ഇറാൻ സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേർ കസ്റ്റഡിയിൽ

ഇസ്മായിൽ ഹനിയ വധം: ഇറാൻ സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേർ കസ്റ്റഡിയിൽ
ഇസ്മായിൽ ഹനിയ വധം: ഇറാൻ സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേർ കസ്റ്റഡിയിൽ

തെഹ്റാൻ: ഹമാസ് രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തിൽ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേരെ ഇറാൻ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. തെഹ്‌റാൻ ഗെസ്റ്റ് ഹൗസിലെ ജീവനക്കാരെയും അന്വേഷണവിധേയമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇറാനിലെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐ.ആർ.ജി.സി) ഉടമസ്ഥതയിലുള്ളതാണ് ഗെസ്റ്റ് ഹൗസ്. കൊലപാതകം നടന്ന ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവിടേക്ക് ഇരച്ചെത്തുകയും എല്ലാ ജീവനക്കാരെയും പിടികൂടുകയും ചെയ്തിരുന്നു. ഇതി​ൽ ചിലരെ അറസ്റ്റ് ചെയ്യുകയും ഫോണുകൾ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേലി ചാരസംഘടനയുടെ ഏജന്റുമാരെന്ന് കരുതുന്നവർക്കായി വിമാനത്താവളങ്ങളിലടക്കം കടുത്ത നിരീക്ഷണമാണ് ഇറാൻ നടത്തുന്നത്.

ഹനിയയുടെ കൊലപാതകം പശ്ചിമേഷ്യൻ മേഖലയെ വീണ്ടും കലുഷിതമാക്കിയിട്ടുണ്ട്. ഇറാന്റെ അതിഥിയായി രാജ്യത്ത് കഴിയവെയായിരുന്നു ഹമാസ് നേതാവ് ആക്രമിക്കപ്പെട്ടത് എന്നത് സംഭവത്തിന്റെ വ്യാപ്തി വീണ്ടും വർധിപ്പിക്കുന്നു. കൂടാതെ ഹനിയയുടെ കൊലപാതകത്തിന് മണിക്കൂറുകൾ മുൻപ് ലെബനീസ് സായുധ സംഘം ഹിസ്‌ബുള്ളയുടെ നേതാവ് ഫുവാദ് ഷുക്കുറിനേയും ഇസ്രയേൽ വധിച്ചിരുന്നു. നേരത്തെ തന്നെ ഇസ്രയേലുമായി യുദ്ധത്തിന്റെ വക്കിലായിരുന്ന സംഘത്തെ ഈ ആക്രമണം കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്.

Top