ഗാസ: മധ്യ ഗാസയിലെ നുസീറത് അഭയാര്‍ഥി ക്യാംപില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ യുനിസെഫ് സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇസ്രയേല്‍ സേനയുടെ ആക്രമണത്തിനിരയായി. 3 വെടിയുണ്ടകള്‍ വാഹനത്തില്‍ പതിച്ചതായി യുനിസെഫ് വക്താവ് അറിയിച്ചു. തെക്കന്‍ ഗാസയിലെ റഫയിലും കനത്ത ആക്രമണമുണ്ടായി.
ഹമാസിനു സാമ്പത്തികസഹായം നല്‍കിയിരുന്നവരില്‍ പ്രധാനിയായ നാസര്‍ യാക്കോബ് ജബ്ബാര്‍ നാസറിനെ വധിച്ചതായി ഇസ്രയേല്‍ സേന അറിയിച്ചു. ഹമാസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം ഒന്നിന് സിറിയയിലെ ഇറാന്റെ എംബസി തകര്‍ത്ത് മുതിര്‍ന്ന ജനറല്‍മാരടക്കം ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതിന് ഇറാന്‍ പ്രതികാരത്തിന് ഒരുങ്ങുന്നതിന്റെ സൂചനയുണ്ട്.ഉചിതമായ തിരിച്ചടി നല്‍കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതോടെ യുദ്ധം വ്യാപിക്കുമെന്ന് ആശങ്ക ശക്തമായി. ഇതിനിടെ, ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ 3 മക്കളെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ വധിച്ചത് സമാധാന നീക്കത്തിന് തിരിച്ചടിയായി. ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 33,545 കടന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഭക്ഷണവും മരുന്നും മറ്റും എത്താന്‍ ഇനിയും വൈകിയാല്‍ ഗുരുതരമായ മാനുഷിക പ്രതിസന്ധിയുണ്ടാകുമെന്നും യുഎന്‍ രക്ഷാസമിതി വീണ്ടും മുന്നറിയിപ്പു നല്‍കി. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനാല്‍ സഹായവുമായി കൂടുതല്‍ ട്രക്കുകള്‍ ഗാസയിലെത്തുമെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.