തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. 70 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത്. ആസിഫ് അലി നായകനായെത്തി ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമെന്ന വിശേഷണവും കിഷ്കിന്ധാ കാണ്ഡത്തിനുണ്ട്. ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് സിനിമക്ക് ഒടിടിയിലും ലഭിക്കുന്നത്. 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും കിഷ്കിന്ധാ കാണ്ഡം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
നിരവധി തമിഴ്, തെലുങ്ക് പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവരുന്നത്. സിനിമയുടെ തിരക്കഥക്കും ക്ലൈമാക്സ് ട്വിസ്റ്റിനും വലിയ കൈയ്യടിയാണ് അന്യഭാഷാ സിനിമാപ്രേമികളിൽ നിന്നും ലഭിക്കുന്നത്. ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്.