ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല

ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുകയാണ്. ഹേമ കമ്മറ്റിക്ക് മൊഴി നല്‍കിയ ഭൂരിഭാഗം പേരില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

പ്രത്യേക അന്വേഷണസംഘം നേരിട്ടും ഓണ്‍ലൈനായുമാണ് മൊഴിയെടുക്കുന്നത്. തുടര്‍ നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് പലരും അന്വേഷണസംഘത്തെ അറിയിച്ചു. ഹേമ കമ്മറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ മിക്കവരും ഉറച്ചുനില്‍ക്കുന്നുണ്ട്. പക്ഷേ നടപടികളിലേക്ക് കടക്കാനില്ലെന്നാണ് വിശദീകരണം. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഉദ്യോഗസ്ഥരാണ് മൊഴിയെടുപ്പ് നടത്തുന്നത്.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നേരിട്ട് ഇടപെടാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരുടെയും മൊഴി പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കത്തിലേക്ക് അന്വേഷണസംഘം കടന്നത്. മലയാള ചലച്ചിത്ര മേഖലയിലെ 50 പേരാണ് കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. പിന്നാലെയാണ് റിപ്പോര്‍ട്ട് പരിശോധിച്ചു 50 പേരുടെയും മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചത്. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ തുടര്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ കൂടി വേണ്ടിയായിരുന്നു ഈ നീക്കം. അതേസമയം മൊഴിയെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.ഹൈക്കോടതി നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് ഈ നിലപാട്.

Top