തൃശൂര്‍: മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ ചത്തീസ്ഗഡ് സ്വദേശി ദീപക് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിരാഹാര സമരത്തില്‍. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് കൊണ്ടുപോയി തിരിച്ചുകൊണ്ടുവരുമ്പോള്‍ ദീപകിനെ നഗ്‌നനാക്കി പരിശോധിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാരോപിച്ചാണ് നിരാഹാരം ആരംഭിച്ചത്.
കഞ്ചാവ് കടത്ത് ആരോപിച്ചാണ് ദീപകിനെ നഗ്‌നനാക്കി പരിശോധിച്ചതെന്നാണ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തണ്ടര്‍ബോള്‍ട്ടിന്റെ അടക്കം നിരീക്ഷണത്തില്‍ ജയിലില്‍ നിന്ന് പുറത്ത് പോകുന്ന മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാര്‍ക്ക് നേരെ കഞ്ചാവ് കടത്ത് ആരോപിക്കുന്നതില്‍ യുക്തിയില്ലെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ പറഞ്ഞു. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക് എന്ന കൊസ്റ സന്നു, അഞ്ച് വര്‍ഷത്തിലേറെയായി വിചാരണ തടവുകാരനായി കഴിയുകയാണ്.