ഫ്രോങ്‌സിന്റെ വെലൊസിറ്റി എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി

ഫ്രോങ്‌സിന്റെ വെലൊസിറ്റി എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി
ഫ്രോങ്‌സിന്റെ വെലൊസിറ്റി എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി

ന്ത്യയിലെ വാഹനവിപണിയില്‍ മികച്ച പ്രകടനമാണ് മാരുതി സുസുക്കിയുടെ കോംപാക്ട് ക്രോസ്ഓവര്‍ മോഡലായ ഫ്രോങ്‌സ് കാഴ്ചവയ്ക്കുന്നത്. അവതരിപ്പിച്ച് 14 മാസത്തിനുള്ളില്‍ ഒന്നരലക്ഷം യൂണിറ്റിന്റെ വില്‍പ്പന എന്ന നേട്ടമാണ് ഏറ്റവുമൊടുവില്‍ ഈ വാഹനത്തെ തേടി എത്തിയിരിക്കുന്നത്. വാഹനത്തെ നിരത്തുകള്‍ ഏറ്റെടുത്തതിന് പിന്നാലെ ഫ്രോങ്‌സിന്റെ പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി.

ഫ്രോങ്‌സ് വെലൊസിറ്റി എഡിഷന്‍ എന്ന പേരിലാണ് ഈ വാഹനത്തിന്റെ പ്രത്യേക പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഫ്രോങ്‌സിന്റെ എല്ലാ വേരിയന്റുകളെയും അടിസ്ഥാനമാക്കി വെലൊസിറ്റി എഡിഷന്‍ എത്തുന്നുണ്ട്. അടിസ്ഥാന വേരിയന്റായ സിഗ്മയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന വെലൊസിറ്റി എഡിഷന് 7.29 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. റെഗുലര്‍ മോഡല്‍ സിഗ്മ വേരിയന്റിന്റെ വില 7.51 ലക്ഷത്തിലാണ് ആരംഭിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഡിസൈനില്‍ ഏതാനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് ഫ്രോങ്‌സിനെ വെലൊസിറ്റി എഡിഷനാക്കിയിരിക്കുന്നത്. മുന്നിലെ ബമ്പറിലും സ്‌കിഡ് പ്ലേറ്റിലും നല്‍കിയിട്ടുള്ള റെഡ് ഇന്‍സേര്‍ട്ടുകളും ഹെഡ്ലൈറ്റിന് സമീപത്തായി നല്‍കിയിട്ടുള്ള ഗാര്‍ണിഷുകളുമാണ് മുന്നില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍ മാറ്റം. വശങ്ങളിലെ മിററിലും വീല്‍ ആര്‍ച്ചുകളിലും ക്ലാഡിങ്ങിലും ഈ ചുവപ്പ് ഡിസൈന്‍ നല്‍കിയിട്ടുണ്ട്. പിന്നിലെ ബമ്പറിലും ചുവപ്പും കറുപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

റെഡ് നിറത്തിലുള്ള ഇന്റീരിയര്‍ മാറ്റ്, ഇല്ലുമിനേറ്റഡ് ഡോര്‍ സില്‍ ഗാര്‍ഡ്, ബ്ലാക്ക് നിറത്തിലുള്ള സീറ്റ് കവറുകള്‍, കാര്‍ബണ്‍ ഫിനീഷിങ്ങിലുള്ള ഇന്റീരിയര്‍ എലമെന്റുകള്‍ എന്നീ പുതുമകളാണ് ഈ വാഹനത്തിന്റെ അകത്തളത്തില്‍ നല്‍കിയിരിക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയ്ക്ക് പുറമെ, സി.എന്‍.ജി. മോഡലിന്റെയും വെലൊസിറ്റി എഡിഷന്‍ മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

നിലവില്‍ രണ്ട് എന്‍ജിന്‍ ഓപ്ഷനിലാണ് ഫ്രോങ്‌സ് എത്തുന്നത്. 89.7 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് ഒന്ന്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എ.ജി.എസ് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ 100 പി.എസ്. പവറും 147.6 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Top