പുതിയ ഡിസയര്‍ നവംബര്‍ 11-ന് എത്തിക്കാന്‍ മാരുതി സുസുക്കി; സ്വിഫ്റ്റില്‍ നിന്ന് മാറ്റങ്ങള്‍ ഏറെ

രൂപത്തില്‍ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസയറിന് നല്‍കുന്നുണ്ട് പുതിയ ഡിസൈന്‍.

പുതിയ ഡിസയര്‍ നവംബര്‍ 11-ന് എത്തിക്കാന്‍ മാരുതി സുസുക്കി; സ്വിഫ്റ്റില്‍ നിന്ന് മാറ്റങ്ങള്‍ ഏറെ
പുതിയ ഡിസയര്‍ നവംബര്‍ 11-ന് എത്തിക്കാന്‍ മാരുതി സുസുക്കി; സ്വിഫ്റ്റില്‍ നിന്ന് മാറ്റങ്ങള്‍ ഏറെ

ന്ത്യന്‍ വാഹന വിപണിയിലെ ടോപ്പ് സെല്ലിങ് കോംപാക്ട് സെഡാന്‍ മോഡലാണ് മാരുതി സുസുക്കിയുടെ ഡിസയര്‍. ഡിസയറിന്റെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. ഇത്തവണ ഒന്നു മാറ്റി പിടിക്കുകയാണ് മാരുതി സുസുക്കി. സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്ഥമായ രൂപഭാവങ്ങളോടെയാണ് പുത്തന്‍ ഡിസയറിന്റെ വരവ്. മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാനായ ഡിസയര്‍ വരുന്ന നവംബര്‍ 11ന് പുറത്തിറങ്ങും.

പുത്തന്‍ ലുക്ക്

ഡിസൈനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ ഡിസയര്‍ മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. രൂപത്തില്‍ സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമായ വ്യക്തിത്വം ഡിസയറിന് നല്‍കുന്നുണ്ട് പുതിയ ഡിസൈന്‍. പുറമേക്ക് വ്യത്യസ്തമെങ്കിലും ഉള്ളില്‍ സമാന ഫീച്ചറുകളും എന്‍ജിനും മാരുതി സുസുക്കി നിലനിര്‍ത്തിയിട്ടുമുണ്ട്.

Also Read: ഇനി സ്വകാര്യത ചോരില്ല ! ‘ഡിജിറ്റല്‍ കോണ്ട’വുമായി ജര്‍മന്‍ കമ്പനി

ഔഡിയുടെ സ്‌റ്റൈലിലുള്ള മുന്‍ഭാഗവും കറുപ്പ് നിറത്തില്‍ സമാന്തരമായുള്ള ഗ്രില്ലും മെലിഞ്ഞ ഹെഡ്ലൈറ്റുകളും കൂടുതല്‍ സ്പോര്‍ട്ടിയായ മുന്‍ ബംപറുമെല്ലാം ഡിസയറിന് വ്യത്യസ്ത രൂപം നല്‍കുന്നുണ്ട്. ഡയമണ്ട് കട്ട് അലോയ് വീലുകളും സ്വിഫ്റ്റില്‍ നിന്നും വ്യത്യസ്തമാണ്. പിന്നിലെ എല്‍ഇഡി ടെയില്‍ ലൈറ്റുകളും സ്‌റ്റൈലിഷ് എല്‍ഇഡി ഔട്ട് ലൈനുമെല്ലാം ഡിസയറിന് വ്യത്യസ്തത നല്‍കാന്‍ സഹായിക്കുന്നുണ്ട്.

ഫീച്ചറുകള്‍

സ്വിഫ്റ്റിനെ അപേക്ഷിച്ച് സണ്‍റൂഫ് അടക്കമുള്ള അധിക ഫീച്ചറുകള്‍ ഡിസയറിലുണ്ടാവും. അതേസമയം ഇന്റീരിയറിലെ നിരവധി ഫീച്ചറുകള്‍ സ്വിഫ്റ്റുമായി ഡിസയര്‍ പങ്കുവെക്കുന്നുമുണ്ട്. ഡാഷ്ബോര്‍ഡ് കൂടുതല്‍ ലൈറ്റ് നിറത്തിലാണ്. സീറ്റുകള്‍ കൂടുതല്‍ പ്രീമിയമാക്കിയിട്ടുണ്ട്. 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 4.2 ഇഞ്ച് ഡിജിറ്റല്‍ എംഐഡി എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ സ്വിഫ്റ്റില്‍ നിന്നും ഡിസയറിലേക്കെത്തും. പുതിയ ഡിസയറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ അഡാസ് സുരക്ഷാ ഫീച്ചറുകളും ഉണ്ടാവുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

പവര്‍ട്രെയിന്‍

സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് മാരുതി സുസുക്കി ഡിസയറിനും നല്‍കിയിരിക്കുന്നത്. പെട്രോളിനൊപ്പം സിഎന്‍ജി ഓപ്ഷനുമുണ്ട്. ഓട്ടമാറ്റിക് ഗിയര്‍ബോക്സ് പെട്രോള്‍ വകഭേദങ്ങള്‍ക്കു മാത്രമേയുള്ളൂ. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ മാത്രം.

വരും ആഴ്ച്ചകളില്‍ മാരുതി സുസുക്കി പുത്തന്‍ ഡിസയറിന്റെ ബുക്കിങ് ആരംഭിച്ചേക്കും. നവംബര്‍ മധ്യത്തോടെ ഡിസയര്‍ ഉടമകളുടെ കൈകളിലേക്കെത്തും. ഹ്യുണ്ടേയ് ഓറ, ടാറ്റ ടിഗോര്‍ എന്നിവരോടായിരിക്കും പുതിയ ഡിസയറും പ്രധാനമായും മത്സരിക്കുക. ഡിസംബറിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുത്തന്‍ ഹോണ്ട അമേയ്സും ഡിസയറിന്റെ എതിരാളിയാണ്.

Top