മാരുതി സുസുക്കിയുടെ ഹാച്ച്ബാക്ക് മോഡലുകളില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനമാണ് വാഗണ്‍ആര്‍. വില്‍പ്പന ചാര്‍ട്ടില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ നിലയുറപ്പിച്ചിട്ടുള്ള ഈ വാഹനത്തിന്റെ പുതിയൊരു പതിപ്പ് കൂടി മാരുതി പുറത്തിറക്കിയിരിക്കുകയാണ്. ലുക്കില്‍ വരുത്തിയിട്ടുള്ള ഏതാനും മാറ്റങ്ങളുമായി വാഗണ്‍ആര്‍ വാള്‍ട്ട്‌സ് എഡിഷന്‍ എന്ന പേരിലാണ് മാരുതി സുസുക്കി പ്രക്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
റെഗുലര്‍ വാഗണ്‍ആറിന്റെ ഡിസൈന്‍ ഡി.എന്‍.എയില്‍ ഏതാനും ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് വാള്‍ട്ട്‌സ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഫോഗ്‌ലാമ്പ് നല്‍കിയിരിക്കുന്നതിനൊപ്പം ഇതിന് ചുറ്റിലും ക്രോമിയം ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച് ക്ലാഡിങ്, ബമ്പര്‍ പ്രോട്ടക്ടറുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, ബോഡ് സൈഡ് മോള്‍ഡിങ് തുടങ്ങിയവയാണ് റെഗുലര്‍ മോഡലിനെക്കാള്‍ വാള്‍ട്ട്‌സ് എഡിഷനില്‍ അധികമായി നല്‍കിയിരിക്കുന്നത്.
ഇന്റീരിയറിലും ഏതാനും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുമയുള്ള ഡിസൈനില്‍ നല്‍കിയിട്ടുള്ള ഫ്‌ളോര്‍ മാറ്റുകള്‍, ഇന്റീരിയര്‍ സ്‌റ്റൈലിങ് കിറ്റ്, 6.2 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ തുടങ്ങിവയാണ് ഇതിലുള്ളത്. വാഗണ്‍ആര്‍ എല്‍.എക്‌സ്.ഐ, വി.എക്‌സ്.ഐ. ഇസഡ്.എക്‌സ്.ഐ. എന്നീ വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ള വാള്‍ട്ട്‌സ് എഡിഷന്‍ പതിപ്പുകള്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: പുത്തൻ പ്രഖ്യാപനവുമായി എംജി കോമറ്റ്
വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പായാണ് വാള്‍ട്ട്‌സ് എഡിഷന്‍ എത്തുന്നതെങ്കിലും ഈ പതിപ്പിന്റെ എത്ര യൂണിറ്റുകള്‍ നിര്‍മിക്കുന്നുണ്ടെന്ന കാര്യത്തില്‍ മാരുതി സുസുക്കി വ്യക്തത വരുത്തിയിട്ടില്ല. 5.65 ലക്ഷം രൂപയിലായിരിക്കും ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നതെന്നാണ് വിവരം. 1.0 ലിറ്റര്‍, 1.2 ലിറ്റര്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാള്‍ട്ട്‌സ് എഡിഷന്‍ വാഗണ്‍ആറുകള്‍ ഒരുങ്ങുമെന്നാണ് വിലയിരുത്തലുകള്‍.
67 ബി.എച്ച്.പി. പവറും 89 എന്‍.എം. ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍, 90 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്നീ പെട്രോള്‍ എന്‍ജിനുകളിലാണ് വാഗണ്‍ആര്‍ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എ.എം.ടി. എന്നിവയാണ് ഈ എന്‍ജിനുകള്‍ക്കൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകള്‍ക്കൊപ്പവും ഡ്യുവല്‍ ജെറ്റ്, കൂള്‍ഡ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍, ഡ്യുവല്‍ വി.വി.ടി ആന്‍ഡ് ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സംവിധാനവും നല്‍കുന്നുണ്ട്.